മോഡലുകളുടെ മരണത്തിന് പിന്നാലെ കളമശേരി വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ മരണത്തിലും ദുരൂഹത; മകള്‍ക്ക് കാമുകനില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മന്‍ഫിയയുടെ അമ്മ

Spread the love

സ്വന്തം ലേഖിക

കൊച്ചി: കളമശേരി വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ മരണത്തിലും ദുരൂഹത.

മന്‍ഫിയയുടെ വീട്ടുകാരാണ് അപകടത്തില്‍ സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്. മകള്‍ക്ക് കാമുകനില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മന്‍ഫിയയുടെ അമ്മ നബീസ വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് ശേഷം കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടതും സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്ന് നബീസ പറഞ്ഞു. ഇത് മന്‍ഫിയയുടെ കാമുകന്‍ അഷ്‌കർ ആയിരുന്നുവെന്നാണ് വീട്ടുകാര്‍ കരുതുന്നത്. എന്നാല്‍ ഇയാള്‍ എന്തിനാണ് സംഭവസ്ഥലത്ത് നിന്നും അപ്രത്യക്ഷനായതെന്ന് വീട്ടുകാര്‍ക്ക് വ്യക്തമല്ല.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കളമശേരിയില്‍ അപകടം നടന്നത്. സുഹൃത്തിൻ്റെ പിറന്നാള്‍ ആഘോഷത്തിനായി പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മന്‍ഫിയ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോയുടെ തൂണിലിടിക്കുകയായിരുന്നു. 12 മണിക്ക് ജന്‍മദിന പാര്‍ട്ടി കഴിഞ്ഞ് ഒരു മണിയോടെ മന്‍ഫിയ വീട്ടില്‍ എത്തേണ്ടതായിരുന്നു.

സംഭവം മന്‍ഫിയയുടെ വീട്ടില്‍ അറിയിക്കുന്നത് അഷ്‌കറാണ്. മകളെ കാണാതായതോടെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് അഷ്‌കറിൻ്റെ സന്ദേശം കാണുന്നത്.

മന്‍ഫിയ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന സുലൈമാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിളിച്ചപ്പോള്‍ അപകടവിവരം ആണ് അറിഞ്ഞത്. മന്‍ഫിയ മരിച്ചതായിട്ടാണ് അഷ്‌കര്‍ അപ്പോള്‍ പറഞ്ഞതെന്നും നബീസ വെളിപ്പെടുത്തി.

നേരത്തെ മകളെ കൊല്ലുമെന്ന് ഉള്‍പ്പെടെ അഷ്‌കര്‍ വീട്ടുകാരെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു. മന്‍ഫിയയ്ക്ക് അഷ്‌കറില്‍ നിന്നും നേരത്തെ മുതല്‍ ഭീഷണി ഉണ്ടായിരുന്നതായും പല തവണ ഇയാള്‍ മകളെ ഉപദ്രവിച്ചിരുന്നതായും അമ്മ പറയുന്നു.