സാധാരണക്കാരന്റെ ഡിഎൻഎ പുറത്തുവരാൻ ഇരുപത്തിനാല് മണിക്കൂർ മാത്രം; കോടിയേരിയുടെ മകന്റെ ഡിഎൻഎ പുറത്തുവരാൻ ഒരു വർഷമായിട്ടും നടപടിയില്ല; തന്റെ മകന്റെ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ഫലം പുറത്തുവിടണം; യുവതി ഹൈക്കോടതിയെ സമീപിച്ചു
സ്വന്തം ലേഖകൻ
നാട്ടിൽ ഇപ്പോൾ ഡിഎൻഎ പരിശോധനകളുടെ കാലമാണ്. പരിശോധനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഫലം പുറത്തുവരണമെങ്കിൽ അധികാരികൾ കനിയണം. സ്വന്തം കുഞ്ഞിനായി അനുപമയെന്ന അമ്മ മുറവിളി കൂട്ടിയപ്പോൾ സർക്കാരിനും ആരോഗ്യവകുപ്പിനും അവളുടെ മുന്നിൽ മുട്ടുകുത്തേണ്ടി വന്നു. അതിന്റെ ഫലമായി യാതൊരു അട്ടിമറിയും കൂടാതെ 24 മണിക്കൂറിനുള്ളിൽ ഡിഎൻഎ പരിശോധന ഫലം പുറത്തുവരികയും ചെയ്തു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും പുറത്തുവരാത്ത ഡിഎൻഎഫലങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടെന്നതാണ് വസ്തുത.
അത് സിപിഎമ്മിന്റെ എക്കാലത്തെയും അനിഷേധ്യ നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടേതാണ്. ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യം ശക്തമാക്കി ബിഹാർ സ്വദേശിനിയായ യുവതി ഹൈക്കോടതികൾ കയറിയിറങ്ങിയെങ്കിലും ഫലം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ഡിഎൻഎ. ഫലം പൊലീസ് മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പൊലീസ് ഫലം സമർപ്പിച്ചത്. എന്നാൽ, കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിനോയിയും യുവതിയും കുട്ടിയും ചേർന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
അറിയാം ഡിഎൻഎ പരിശോധനയെപ്പറ്റി കൂടുതൽ
പരിശോധനാരീതി
മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം മുതൽ സ്വഭാവ സവിശേഷതകൾ വരെ നിർണയിക്കുന്നതു ജീനുകളാണ്. ഈ ജീനുകൾ ഉള്ളത് ഓരോ കോശത്തിലെയും കോശമർമത്തിലെ ക്രോമസോമുകളിലാണ്. ഇതിൽ ലിംഗ നിർണയത്തിനുള്ള എക്സ്, വൈ ക്രോമസോമുകൾ ഉണ്ടായിരിക്കുന്നത് ഡിഎൻഎ എന്ന ജനിതകവസ്തു കൊണ്ടാണ്. ഡിഎൻഎയുടെ അടിസ്ഥാനശിലകൾ നാലുതരത്തിലുള്ള ന്യൂക്ലിയോടൈഡുകളാണ്. ഈ ന്യൂക്ലിയോടൈഡുകൾ രണ്ടു നിരകളായി ഇഴചേർന്ന് പിരിയൻ ഗോവണി ആകൃതിയിലാണു ഡിഎൻഎ ഉള്ളത്.
ഡിഎൻഎയിലെ പ്രോട്ടീനുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഭാഗത്തെയാണ് ജീനുകൾ അല്ലെങ്കിൽ ‘കോഡിങ് ഏരിയ’ എന്നു വിളിക്കുന്നത്. അങ്ങനെയല്ലാത്ത ഭാഗം ‘നോൺ കോഡിങ് ഏരിയ’. നോൺ കോഡിങ് ഏരിയയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഷോർട്ട് ടാൻഡം റിപീറ്റ്സ് അല്ലെങ്കിൽ മൈക്രോ സാറ്റലൈറ്റുകൾ എന്നു വിളിക്കുന്ന ശ്രേണികളുണ്ടാകും. ഒരു ചെറിയ ശ്രേണിയിൽ രണ്ടു മുതൽ ഏഴു ന്യൂക്ലിയോടൈഡുകൾ ഉണ്ടാവാം. ഇവയാണു ഡിഎൻഎ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.
പ്രോട്ടീൻ ഉണ്ടാകാത്തതിനാൽ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല. ശരീരത്തെ ബാധിക്കാത്തതിനാൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയും തലമുറകളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഭാഗമാണ് ഷോർട്ട് ടാൻഡം റിപീറ്റ്സ്. ഓരോരുത്തരിലും ഇതു വ്യത്യസ്തം.
ഡിഎൻഎ പരിശോധനയ്ക്കു 4 കാര്യങ്ങൾ ചെയ്യും.
1) സാംപിളായി ശേഖരിച്ച കോശങ്ങളിൽനിന്നു ഡിഎൻഎ വേർതിരിച്ചെടുക്കുന്നു.
2) ഷോർട്ട് ടാൻഡം റിപീറ്റ്സിന്റെ ആയിരക്കണക്കിനു പകർപ്പുകൾ പിസിആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുക്കുന്നു.
3) ഈ പകർപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോ ഫോറിസിസ് ചെയ്യുന്നു. ഇലക്ട്രോ ഫോറിസിസ് ചെയ്യുമ്പോൾ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും.
4) ഈ വരകൾ അകലം അനുസരിച്ചു നമ്പർ ഇട്ടാണു താരതമ്യപ്പെടുത്തുന്നത്.
ബാൻഡുകളുടെ പകുതി അമ്മയിൽ നിന്നും പകുതി അച്ഛനിൽ നിന്നുമായിരിക്കും. കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ കിട്ടുന്ന ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമാണെന്ന് ഉറപ്പിക്കാം.