നിയമം ലംഘിച്ച് വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു; ജോയിന്റ് ആര്‍ടിഒയ്‌ക്ക് സസ്‌പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന് തൃശ്ശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജോയിന്റ് ആര്‍ടിഒയ്‌ക്ക് സസ്‌പെന്‍ഷന്‍. ജോയിന്റ് ആര്‍ടിഒയായിരുന്ന ശ്രീപ്രകാശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പിക്കപ്പ് വാനുകള്‍ അനധികൃതമായി വീതി കൂട്ടി എടിഎമ്മുകളിലേയ്‌ക്ക് പണം കൊണ്ടുപോകുന്ന വാഹനങ്ങളാക്കി മാറ്റി രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ജോയിന്റ് ആര്‍ട്ടിഒ കൂട്ടു നില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ 47 വാഹനങ്ങള്‍ രൂപമാറ്റം വരുത്തന്നതിനായി 11 ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലാണ് ഇയാള്‍ സുപ്രീം കോടതി വിധിയും മോട്ടോര്‍ വാഹന നിയമവും ലംഘിച്ചുകൊണ്ട് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

കൈക്കൂലി വാങ്ങിയ വിവരമറിഞ്ഞ് വിജിലന്‍സ് ശ്രീപ്രകാശിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വകുപ്പുതല നടപടികളുടെ ഭാഗമായി ഇയാളെ തിരുവല്ലയിലേയ്‌ക്ക് സ്ഥലം മാറ്റി. എന്നാല്‍, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിജിലന്‍സിന് വീഴ്ച സംഭവിച്ചു.

പിന്നീട് ശ്രീപ്രകാശിനെ കുറിച്ച്‌ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത വിജിലന്‍സ് മേധാവികള്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് ശ്രീപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അഴിമതി നിരോധന നിയമം, വ്യാജ രേഖ സൃഷ്ടിക്കല്‍ എന്നീ വകുപ്പകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കേയാണ് ശ്രീപ്രകാശ് അനധികൃതമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടുനിന്നത്.