ഭർത്താക്കന്മാർ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതിൽ തെറ്റുണ്ടോ? കേരളത്തിൽ 52 ശതമാനം സ്ത്രീകളുടെയും അഭിപ്രായം ഇല്ലെന്നാണ് ;14 സംസ്ഥാനങ്ങളില്‍ നിന്നുളള 30 ശതമാനം സ്ത്രീകൾക്കും സമാന അഭിപ്രായം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതില്‍ തെറ്റുണ്ടോ? ഇല്ലെന്നാണ് 14 സംസ്ഥാനങ്ങളില്‍ നിന്നുളള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്.
ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് സമാനമായ അഭിപ്രായം പങ്കുവെച്ചതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 18 സംസ്ഥാനങ്ങളിലായിരുന്നു സര്‍വ്വെ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില സാഹചര്യങ്ങളിലൊക്കെ ഭര്‍ത്താവില്‍ നിന്ന് രണ്ട് കിട്ടിയാലും തെറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും കര്‍ണാടകയിലുമാണ് കൂടുതല്‍ സ്ത്രീകളും ഈ അഭിപ്രായം പങ്കുവെച്ചത്. തെലങ്കാനയിലും ആന്ധ്രയിലും 84 ശതമാനം സ്ത്രീകള്‍ ഇതിനെ ന്യായീകരിച്ചു. കര്‍ണാടകയില്‍ 77 ശതമാനവും.
മണിപ്പൂരില്‍ 66 ശതമാനവും, ജമ്മു കശ്മീരില്‍ 49 %, മഹാരാഷ്‌ട്ര 44 %, പശ്ചിമബംഗാള്‍ 42% എന്നിങ്ങനെയാണ് ഭര്‍ത്താക്കന്‍മാരുടെ വല്ലപ്പോഴുമുളള തല്ലിനെ ന്യായീകരിച്ച സ്ത്രീകളുടെ എണ്ണം. നിങ്ങളുടെ അഭിപ്രായത്തില്‍ ഭര്‍ത്താവ് ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിനെ ന്യായീകരിക്കുന്നുണ്ടോ എന്നായിരുന്നു സര്‍വ്വെയിലെ ചോദ്യം.
ഭര്‍ത്താവിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നതിന് പലരും പങ്കുവെച്ച കാരണങ്ങളും പതിവ് സംഭവങ്ങളായിരുന്നു. നല്ല ഭക്ഷണം ഉണ്ടാക്കാതിരിക്കുക, കുട്ടികളുടെ കാര്യത്തില്‍ അശ്രദ്ധ കാട്ടുക, പറയാതെ പുറത്തുപോകുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക തുടങ്ങിയ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ് തല്ലിനുളള കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
പുരുഷന്‍മാരും സര്‍വ്വെയുടെ ഭാഗമായിരുന്നു. കര്‍ണാടകയിലെ 81.09 ശതമാനം ആണുങ്ങളും ഇതിനെ അനുകൂലിച്ചു. എന്നാല്‍ ഹിമാചല്‍പ്രദേശില്‍ 14.2 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്.