video
play-sharp-fill

200 രൂപ കൂട്ടി നൽകിയില്ല: അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായി..!  തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റികസിന് തീ വച്ചത് രണ്ട് തൊഴിലാളികൾ:  അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടു പേർ തൊഴിലാളികൾ കസ്റ്റഡിയിൽ; പെട്രോളൊഴിച്ച് കമ്പനിയ്ക്ക് തീ വച്ചു

200 രൂപ കൂട്ടി നൽകിയില്ല: അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായി..!  തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റികസിന് തീ വച്ചത് രണ്ട് തൊഴിലാളികൾ:  അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടു പേർ തൊഴിലാളികൾ കസ്റ്റഡിയിൽ; പെട്രോളൊഴിച്ച് കമ്പനിയ്ക്ക് തീ വച്ചു

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് കമ്പനിയിൽ അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായ തീപിടുത്തതിനു കാരണമായത് ഇരുനൂറ് രൂപയെച്ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. ഇരുനൂറ് രൂപ കൂലി കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട രണ്ട് തൊഴിലാളികൾക്ക് കമ്പനി അധികൃതർ കൂലി കൂട്ടി നൽകാതിരുന്നതാണ് പ്രശ്‌നമായത്. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിനിടെ കമ്പനിയ്ക്ക് പ്രതികൾ തീ വയ്ക്കുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു  തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഈ രണ്ട് തൊഴിലാളികൾക്കും അഞ്ഞൂറ് രൂപയായിരുന്നു കൂലിയായി നൽകിയിരുന്നത്. ഒരു വർഷത്തോളമായി കമ്പനിയിൽ ഇവർ ജോലി ചെയ്തിരുന്നു. ഇവർക്ക് ഭക്ഷണം സൗജന്യമായാണ് നൽകിയിരുന്നതും. കഴിഞ്ഞ ആഴ്ച ഇവർ ഇരുനൂറ് രൂപ കൂടുതലായി കൂലി നൽകണമെന്ന് മാനേജരോട് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് ഇവർ കമ്പനിയ്ക്ക് തീയിട്ടതെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
അന്വേഷണ സംഘം പ്രാഥമിക അന്വേണത്തിൽ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചന പൊലീസ് സംഘത്തിന് ലഭിച്ചത്.
വ്യാഴാഴ്ചയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. എന്നാൽ കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങൾക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികളുാണ് പ്രതികളെന്നാണ് സൂചന.
ഇതിലൊരാൾ കടയിൽനിന്ന് ലൈറ്റർ വാങ്ങിയെന്നാണ് സൂചന. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി പരിശോധനയിൽ ആണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.
മാത്രമല്ല, ജോലിയിൽനിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.