
സ്വന്തം ലേഖകൻ
അടൂർ: ആറരക്കോടി നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിൽ അനധികൃത നിയമനം നടത്തുന്നതിനായി സി.പി.എം. നേതൃത്വത്തിലുള്ള ഡയറക്‌ടർ ബോർഡ് നിലവിലെ രണ്ട് ജീവനക്കാരെ പുറത്താക്കി. ഇങ്ങനെ ഉണ്ടാക്കിയ തസ്‌തികയിൽ അനധികൃത നിയമനം നടത്തുന്നതിനായി 17 പേരിൽ നിന്നാണ് അപേക്ഷ സ്വീകരിച്ചിരിക്കുന്നത്.ഇതിൽ ഒരു ഡിവൈ.എസ്.പിയുടെ ഭാര്യയും ഉൾപ്പെടുന്നു. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന പഴകുളം സർവീസ് സഹകരണ ബാങ്കിലാണ് അനധികൃത നിയമനത്തിന് നീക്കം തകൃതിയായി നടക്കുന്നത്.
സി.പി.എം. നേതൃത്വത്തിലുള്ള ഡയറക്‌ടർ ബോർഡാണ് ഇവിടെ ഭരിക്കുന്നത്. ഏറ്റവുമൊടുവിൽ വന്ന ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ നഷ്‌ടം ആറരക്കോടിയാണ്. ബാങ്കിന്റെ ഉടമസ്‌ഥതയിലുള്ള നീതി മെഡിക്കൽ സ്‌റ്റോറിൽ ഹെൽപ്പർ, മിത്രപുരം ശാഖയിൽ പ്യൂൺ എന്നീ തസ്‌തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. സി.പി.എം. പ്രാദേശിക നേതാക്കളുടെ മക്കളും ബന്ധുക്കളും അടക്കം 17 പേരാണ് അപേക്ഷകർ. ഏറ്റവും കൂടുതൽ തുക നൽകുന്നവർക്ക് നിയമനം നൽകും. അനധികൃത നിയമനം വഴി പണം സമ്പാദിന്നതിന് ഡയറക്‌ടർ ബോർഡ് ലക്ഷ്യമിട്ടപ്പോൾ നേരത്തേ ലക്ഷങ്ങൾ നൽകി ജോലിക്ക് കയറിവരാണ് ആ തുക തിരികെ കിട്ടാതെ പുറത്തു പോകേണ്ടി വരുന്നത്. യു.ഡി.എഫ്. ഭരിച്ചു കൊണ്ടിരുന്ന ബാങ്ക് ഭരണ സമിതി ഭരണ സ്വാധീനം ഉപയോഗിച്ചാണ് സി.പി.എം. കൈക്കലാക്കിയത്. ഈ ബാങ്കിൽ നടന്ന അഴിമതി മുഴുവൻ മംഗളമാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെയാണ് തട്ടിപ്പ് നടന്നതായി സമ്മതിക്കാൻ പോലും ഭരണ സമിതി തയാറായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീതി മെഡിക്കൽ സ്‌റ്റോറിൽ ഹെൽപ്പറായിരുന്ന യുവതിയെ യു.ഡി.എഫ്. ഭരണസമിതിയാണ് ലക്ഷങ്ങൾ കോഴ വാങ്ങി നിയമിച്ചത്.
ഇവരെ സ്‌ഥിരപ്പെടുത്താൻ ശമ്ബള സ്‌കെയിൽ തയാറാക്കിയതിന് പിന്നാലെയാണ് യു.ഡി.എഫ് ഭരണ സമിതിയെ പുറത്താക്കിയത്. ഇതോടെ ഹെൽപ്പർക്ക് സ്‌ഥിരം നിയമനം നൽകാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതോടെ ഇവർ ജോലി രാജിവച്ചു പുറത്തുപോയി. ഇവർ നിയമനത്തിന് നൽകിയ പണം തിരികെ കൊടുത്തിട്ടുമില്ല. മിത്രപുരം ശാഖയിലെ പ്യൂണായ ഗിരീഷ് കൃഷ്‌ണനാണ് പുറത്തു പോകേണ്ടി വരുന്ന രണ്ടാമത്തെയാൾ. 45 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ഗിരീഷ് കൃഷ്‌ണനോട് ആ പണം മുഴുവൻ ബാങ്ക് തിരികെ ഈടാക്കിയിരുന്നു.
ലോകത്ത് ഒരു ബാങ്കിലുമില്ലാത്ത് 18 ശതമാനം നിരക്കിൽ പലിശയും വാങ്ങി. തട്ടിപ്പ് നടത്തിയ തുകയും പലിശയും നൽകുന്ന പക്ഷം ജോലി തിരികെ നൽകാമെന്ന് പാർട്ടി നേതൃത്വം വാക്കു നൽകിയിരുന്നു. ഇത് പ്രകാരമാണ് ഇയാൾ മുഴുവൻ തുകയും പലിശയും തിരിച്ച് അടച്ചത്. പണം തിരികെ കിട്ടിയതോടെ വാക്കു മാറ്റി ഗിരീഷ് കൃഷ്‌ണനെ ഒഴിവാക്കുകയാണ് ചെയ്‌തത്. സഹകരണ സംഘങ്ങളിൽ ക്രമക്കേട് നടത്തുന്ന ജീവനക്കാർ പണം തിരികെ അടച്ചാൽ അവരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് സഹകരണ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഗിരീഷ് കോടതിയെ സമീപിച്ചതായും അറിയുന്നു. പാർട്ടിയുടെ ലേബലിലാണ് ഗിരീഷിന് ഇവിടെ ജോലി ലഭിച്ചത്.
ഒഴിവു വന്ന തസ്‌തികകളിലേക്ക് ഒരു ഡിവൈ.എസ്.പിയുടെ ഭാര്യയ്‌ക്ക് ജോലി ഉറപ്പിച്ചുവെന്നാണ് അറിയുന്നത്. പാർട്ടി നേതൃത്വത്തിന് വേണ്ടി ചില കാര്യങ്ങൾ ചെയ്‌തു കൊടുത്തതിനുള്ള ഉപകാര സ്‌മരണയാണത്രേ ഈ ജോലി.



