
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം; രണ്ട് സുരക്ഷാ ജീവനക്കാർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ട് സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. സ്വകാര്യ ഏജൻസിയിലെ തൊഴിലാളികളായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ ചികിൽസയ്ക്കെത്തിയ യുവാവിന് ഇന്നലെയാണ് മർദ്ദനമേറ്റത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുൺ ദേവിനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പഴയ മോർച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ അരുൺ കൂടി ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മർദ്ദനമേൽക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി യുവാവിനെ കോമ്പൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദ്ദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.