
സ്വന്തം ലേഖകൻ
ചാത്തന്നൂർ∙ കല്ലുവാതുക്കലിൽ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. 55 പേജുള്ള കുറ്റപത്രം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതയിലാണു സമർപ്പിച്ചത്. നവജാത ശിശുവിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) മാത്രമാണ് കേസിൽ പ്രതി.
കൊലപാതകം, നവജാത ശിശുവിനെ ഉപേക്ഷിച്ചത്, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഭർത്താവ് വിഷ്ണു ഉൾപ്പെടെ 54 സാക്ഷികളാണ് ഉള്ളത്. പാരിപ്പള്ളി ഇൻസ്പെക്ടർമാരായ രൂപേഷ് രാജ്, ടി.എസ്.സതികുമാർ എന്നിവരായിരുന്നു പ്രധാന അന്വേഷണ ഉദ്യോഗസ്ഥർ. ഇൻസ്പെക്ടർ അൽ ജബ്ബാറാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ കൊല്ലം സെഷൻസ് കോടതിയിൽ നടക്കും. രേഷ്മ ഇപ്പോൾ ജാമ്യത്തിലാണ്. ഫെയ്സ്ബുക് അക്കൗണ്ടുകളുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇതു കേസിനെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനയെ തുടർന്ന കഴിഞ്ഞ ജൂൺ 22നാണ് രേഷ്മയെ അറസ്റ്റിലാകുന്നത്. പാരിപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകത്തിനാണ് കേസ്. ജനുവരി 5ന് വീട്ടിലെ കുളിമുറിക്ക് പിന്നിലെ റബർ തോട്ടത്തിൽ കരിയിലക്കുഴിയിലാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ കുഞ്ഞു മരിച്ചു. പൊലീസിനെ വട്ടംചുറ്റിച്ച കേസിൽ ആറു മാസത്തിനു ശേഷം ഡിഎൻഎ പരിശോധനാ ഫലത്തെ തുടർന്നാണ് രേഷ്മ പിടിയിലാകുന്നത്.
കാമുകന് ഒപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണ് രഹസ്യമായി പ്രസവിച്ചു, കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കേസ്. അനന്തു എന്ന കാമുകനായി നടിച്ചു രേഷ്മയുമായി ചാറ്റ് നടത്തിയിരുന്ന അടുത്ത ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്മ (ശ്രുതി– 22) എന്നിവരെ ഇതിനു പിന്നാലെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.



