ശബരിമലയില്‍ അരവണ, അപ്പം നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെചൊല്ലി വിവാദം; ആരോപണം നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

Spread the love

പത്തനംതിട്ട: ശബരിമലയില്‍ അരവണ, അപ്പം നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെചൊല്ലി പുതിയ വിവാദം. ഹലാല്‍ ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് ശബരിമലയും ചര്‍ച്ചയില്‍ ഇടം നേടിയത്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശര്‍ക്കര ശബരിലയിലെ ഗോഡൗണില്‍ നിന്ന് തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാലെന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് കണ്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് ശര്‍ക്കരപ്പൊടിക്ക് കരാര്‍ നല്‍കിയത്. അതിന്റെ കാലാവധി തീരുകയും ചെയ്തു.

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്ത് വന്നിട്ടുണ്ട്. ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പ്രസാദം നിര്‍മ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ പി ശശികല പറഞ്ഞു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം. ഗുരുതരമായ ഈ കുറ്റകൃത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആ ശര്‍ക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്യണമെന്നും ശശികല ആവശ്യപ്പെട്ടു.

അതേസമയം ഹലാല്‍ എന്ന പേരുള്ള ശര്‍ക്കര ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വര്‍ധമാന്‍ ഗ്രൂപ്പാണ് ശര്‍ക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ എസ് പി ഷുഗര്‍ എന്ന കമ്പനിയാണ് ശര്‍ക്കരപ്പൊടി ഇറക്കുന്നത്. അതില്‍ ഏതെങ്കിലും കമ്പനിയുടെ പേരില്ല. ഓരോ ശബരിമല തീര്‍ത്ഥാടനം തുടങ്ങുമ്പോഴും അട്ടിമറി ശ്രമവുമായി ചിലര്‍ രംഗത്തുവരും. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദം. ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group