play-sharp-fill
ദുരന്തം വിതച്ച് തോരാമഴ; കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നു; പടിഞ്ഞാറന്‍ മേഖല വെള്ളപൊക്കഭീതിയില്‍

ദുരന്തം വിതച്ച് തോരാമഴ; കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നു; പടിഞ്ഞാറന്‍ മേഖല വെള്ളപൊക്കഭീതിയില്‍

സ്വന്തം ലേഖക

ചങ്ങനാശ്ശേരി: രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിെന്റ വരവ് ശക്തമായതോടെ താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശവാസികള്‍ വീണ്ടും വെള്ളപ്പൊക്ക ഭീതിയില്‍.


ഫാത്തിമാപുരം തൂമ്പുങ്കല്‍ രഘുവിെന്റ വീട്ടുമുറ്റത്തെ കിണര്‍ മഴയില്‍ ഇടിഞ്ഞുതാഴ്ന്നു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും കുട്ടനാടിെന്റ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞദിവസം ഇരുപ്പ ഭാഗത്തായിരുന്നു വെള്ളം കൂടുതല്‍ ഉണ്ടായിരുന്നത്. എ.സി റോഡില്‍ പാലയ്ക്കല്‍ കലുങ്ക് മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്തും ജലനിരപ്പ് ഉയര്‍ന്നതുമൂലം ഇരുചക്രവാഹനങ്ങളും കാറുകളും ബുദ്ധിമുട്ടിലായി. ഈ ഭാഗത്തെ വീടുകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. വെള്ളത്തിെന്റ തോത് ഉയര്‍ന്നാല്‍ മുതിര്‍ന്നവരെയും കുട്ടികളെയും രോഗബാധിതരെയും കൊണ്ട് പെട്ടെന്ന് വീട് വിട്ടുമാറാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടുത്തേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്കില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ തുറന്നതിനാല്‍ ഇത്തവണ ക്യാമ്പ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇരൂപ്പ ഭാഗത്തെ രണ്ടുപേരാണ് നിലവില്‍ ക്യാമ്പില്‍ ഉള്ളത്. പാറയ്ക്കല്‍ കലുങ്ക് മുതല്‍ റോഡിനിരുവശത്തുമുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡ്, എ.സി കോളനി, മനയ്ക്കച്ചിറ, നക്രാല്‍ പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍, കാക്കാംതോട് എന്നിവിടങ്ങളിലെ വീടുകളില്‍ എല്ലാം വെള്ളംകയറി. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ ജലനിരപ്പ് കൂടുതലാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ ക്യാമ്പുകളിലേക്ക് മാറുന്നതിന്നതിനായി കൗണ്‍സിലര്‍മാരോട് പ്രദേശവാസികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകലില്‍ ക്യാമ്പുകള്‍ ഇല്ലാത്തതും ടൗണ്‍ഹാള്‍ ദൂരക്കൂടുതലായതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.

മഴ ശക്തമായി തുടരുകളും കിഴക്കന്‍വെള്ളത്തിന്റെ ഒഴുക്ക് ശക്തമാവുകയും ചെയ്താല്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരാനിടയാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. കിഴക്കന്‍ വെള്ളം കൂടുതലായി എത്തുന്നത് കുട്ടനാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0481 2420037.