play-sharp-fill
ആസിഡ് കുടിച്ചു, വിഷം നൽകി, വെട്ടിക്കൊന്നു, കൂട്ട ആത്മഹത്യകളിൽ നടുങ്ങി കേരളം.! സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് കുടുംബങ്ങളിൽ നടന്ന കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് ഒൻപത് പേർ; ആത്മഹത്യകൾ അധികവും നടന്നത് കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന്

ആസിഡ് കുടിച്ചു, വിഷം നൽകി, വെട്ടിക്കൊന്നു, കൂട്ട ആത്മഹത്യകളിൽ നടുങ്ങി കേരളം.! സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് കുടുംബങ്ങളിൽ നടന്ന കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് ഒൻപത് പേർ; ആത്മഹത്യകൾ അധികവും നടന്നത് കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ

കേരളം ആത്മഹത്യയുടെ സ്വന്തം നാടായി മാറി കൊണ്ടിരിക്കുകയാണെന്നാണ് അടുത്ത ദിവസങ്ങളിലായി നടന്ന മരണങ്ങൾ വ്യക്തമാക്കുന്നത്.നാഴികയ്ക്ക് നാല്പതുവട്ടം ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമത്തിനിടെ 9 പേർ മരിച്ച വാർത്ത ഏറെ ഞെട്ടലാണ് ഉണ്ടാക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്‌മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടുപേരുമാണ് മരിച്ചത്.


കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്‌മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച്‌ മരിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകൾ ചികിത്സയിലാണ്. ചെങ്ങന്നൂരിൽ ഭർത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതിൽ മനംനൊന്താണ് യുവതിയെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അടിക്കടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാത്രമാണ് ഇവയെല്ലാം തന്നെ നടന്നതെന്നതും കേരളത്തെ നടുക്കുന്ന ഒരു വസ്തുതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ 2020ൽ ആത്മഹത്യ നിരക്ക് കൂടിയെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 8,500 പേർ ആത്മഹത്യചെയ്തുവെന്നും രാജ്യത്തെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് രേഖപ്പെടുത്തിയത് കൊല്ലം നഗരത്തിലാണെന്നും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിൽഏറ്റവും കൂടുതൽ ആത്മഹത്യകൾ നടത്തിയത് പുരുഷൻമാരാണ്. 6,570 പുരുഷ ആത്മഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ആത്മഹത്യ കേസുകളുടെ എണ്ണം 1,930 ആണ്. 2020ൽ കേരളത്തിലെ ആത്മഹത്യനിരക്ക് 24 ആണ്. ബിസിനസ്സുകളിലെയും ഉപജീവനമാർഗങ്ങളിലെയും തടസ്സങ്ങളും കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമാണ് ഈ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ വർദ്ധിക്കാൻ പ്രധാന കാരണം. ഇതോടെ ആത്മഹത്യ നിരക്കിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്താണിപ്പോൾ കേരളം. കൊല്ലം നഗരം രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സ്ഥലമാണെന്നും എൻസിആർബിറിപ്പോർട്ട്വ്യക്തമാക്കുന്നു. കൊല്ലം നഗരത്തിലെ ആത്മഹത്യാ നിരക്ക് 44 ആണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊല്ലത്ത് 2020ൽ 488 പേർ ആത്മഹത്യ ചെയ്തു. 2019ൽ 457 പേരായിരുന്നു നഗരത്തിൽ ആത്മഹത്യ ചെയ്തത്.

തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യാ നിരക്കും സംസ്ഥാനത്ത് വർദ്ധിച്ചു. കേരളത്തിൽ1,769 പേരാണ് ഈ കാരണത്താൽ ആത്മഹത്യ ചെയ്തത്. മൊത്തം ആത്മഹത്യ കേസുകളിലെ 11.3 ശതമാനമാണ് ഇത്. ഈ വിഭാഗത്തിലെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് കേരളം.

ഈ കാലയളവിൽ (2020) അനുഭവപ്പെട്ട സാമ്പത്തിക തകർച്ചയുടെ ഫലമായി ആത്മഹത്യ ചെയ്തവരിൽ 2,496 ദിവസ വേതനക്കാരുണ്ട്. 893 സ്വയം തൊഴിൽ ചെയ്യുന്നവരും, 448 ചെറുകിട വ്യവസായികളും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു.

കർഷകത്തൊഴിലാളികൾക്കും കർഷകർക്കും 2020 കഠിനമായ പ്രതിസന്ധി സൃഷ്ടിച്ച വർഷമാണ്. 796 കർഷക തൊഴിലാളികളും 908 വീട്ടമ്മമാരും കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. 803 ശമ്പളക്കാരും 593 സ്വകാര്യ മേഖലയിലെ ജീവനക്കാരും ഈ കാലയളവിൽ ആത്മഹത്യ തിരഞ്ഞെടുത്തു.

ഏറ്റവും കൂടുതൽ ആത്മഹത്യകൾക്ക് കാരണമായത് കുടുംബ പ്രശ്നങ്ങളാണെന്നാണ്എൻസിആർബി റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 3,575 ആത്മഹത്യകൾക്ക് ഇത്തരം പ്രശ്നങ്ങൾ കാരണമായി. അതേസമയം വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 1,933 പേരും ജീവനൊടുക്കി. മാനസിക രോഗങ്ങൾ (997 പേർ), മയക്കുമരുന്ന് ഉപയോഗം (692 പേർ), വിട്ടുമാറാത്ത രോഗങ്ങൾ (688 പേർ) എന്നിവയാണ് ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച മറ്റ് പ്രധാന കാരണങ്ങൾ.

ജീവിതത്തേക്കാൾ മരണം തിരഞ്ഞെടുത്ത 5,116 പേരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 3,074 പേർക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുണ്ട്. ആത്മഹത്യ ചെയ്തവരിൽ 3,150 പേർ പത്താം ക്ലാസ് വരെ പഠിച്ചവരും 1,603 പേർ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവരുമാണ്.

കേരളത്തിലെ ആത്മഹത്യകളെക്കുറിച്ചുള്ള നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ

ആകെ ആത്മഹത്യകൾ: 8,500.

പുരുഷന്മാർ: 6,570.

സ്ത്രീകൾ: 1,930.

ആത്മഹത്യാ നിരക്ക് – 24 ശതമാനം (ഒരു ലക്ഷം ജനസംഖ്യയിൽ), കേരളം ഇന്ത്യയിൽ അഞ്ചാമത്.

തൊഴിലില്ലാത്തവരുടെ ആത്മഹത്യ: 1,769, കേരളം ഇന്ത്യയിൽ രണ്ടാമത്.

കേരളത്തിലെ ആത്മഹത്യ കാരണങ്ങൾ

കുടുംബ പ്രശ്‌നങ്ങൾ: 3,575

രോഗം: 1,933

കടം: 180

തൊഴിലില്ലായ്മ: 122

പ്രണയബന്ധം: 238

വിവിധ രോഗങ്ങൾ

മാനസിക രോഗം: 997

നീണ്ടുനിൽക്കുന്ന രോഗങ്ങൾ: 688

മയക്കുമരുന്ന് ദുരുപയോഗം: 692

കാൻസർ: 213

പക്ഷാഘാതം: 31

പദവി

വീട്ടമ്മമാർ: 908

ശമ്പളമുള്ളവർ: 803

സ്വകാര്യ ജീവനക്കാർ: 593

വിദ്യാർത്ഥികൾ: 468

സർക്കാർ ജീവനക്കാർ: 70

തൊഴിലില്ലാത്തവർ: 1,769

സ്വയം തൊഴിൽ ചെയ്യുന്നവർ: 893

സ്വയം തൊഴിൽ ചെയ്യുന്നവർ (ബിസിനസ്): 448

കർഷകർ, കർഷകത്തൊഴിലാളികൾ: 796

ദിവസ വേതനക്കാർ: 2,496


വരുമാന നില

പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ: 5,116

ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ: 3,074

5 ലക്ഷം രൂപയും അതിനുമുകളിലും: 302

വിദ്യാഭ്യാസം

പത്താം ക്ലാസ് വരെ – 3,150

പന്ത്രണ്ടാം ക്ലാസ് വരെ – 1,603

ബാച്ചിലേഴ്‌സ് ബിരുദവും അതിനുമുകളിലും – 262

പ്രൊഫഷണൽ ബിരുദം – 34.

എൻസിആർബിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയിലെ ആത്മഹത്യകളിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ്. കോവിഡ് 19 പകർച്ചവ്യാധി സൃഷ്ടിച്ച ആഘാതം ആത്മഹത്യകൾക്ക് ഒരു പ്രധാനാകാരണമാണ്. ജീവിതം അവസാനിപ്പിച്ചതിൽ ഭൂരിഭാഗവും ദിവസവേതന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവരാണ്. സാമ്പത്തിക പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളും, രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാൻ കൂടുതൽ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. എൻസിആർബി കണക്കുകൾ പ്രകാരം – 2020 ൽ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ 2020-ൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എന്നത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെയും ദുരൂഹ മരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു കേന്ദ്രസർക്കാർ ഏജൻസിയാണ്. ഇന്ത്യയിലെ അപകട മരണങ്ങൾ, ആത്മഹത്യകൾ, ദുരൂഹ മരണങ്ങൾ, കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, കാണാതായവർ, അജ്ഞാത മൃതശരീരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ കൃത്യമായി ശേഖരിച്ച് ഒരു ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് എൻസിആർബി-യുടെ പ്രധാന ലക്ഷ്യം. ഒപ്പം ഈ ഡാറ്റകൾ ദേശീയ തലത്തിൽ ക്രോഡീകരിച്ച് നിയമപാലകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുക എന്ന ദൗത്യവും ഏജൻസിക്കുണ്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻസിആർബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

കൊവിഡിന്റെ വരവ് ജനങ്ങളിൽ വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിതരായതോടെ പലർക്കും ഉപജീവന മാർഗങ്ങൾ നഷ്ടമായി. സാമൂഹികമായ ഒറ്റപ്പെടൽ വ്യക്തികളുടെ ഇടപെടലുകളെ വീടുകൾക്കുള്ളിൽ മാത്രമാക്കി ചുരുക്കിയപ്പോൾ ഇതു മൂലം കുടുംബങ്ങളിലും പ്രശ്‌നങ്ങൾ കൂടാനിടയായി. ദമ്പതിമാർ തമ്മിൽ നേരത്തെ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്ന കുടുംബങ്ങളിൽ നിയന്ത്രണങ്ങളെ തുടർന്ന് മുഴുവൻ സമയവും പങ്കാളിയോടൊത്തുള്ള ജീവിതത്തിന് പലരും നിർബന്ധിതരായി. പീഡനങ്ങൾ വർധിക്കാനും ചിലരെ ആത്മഹത്യയിലേക്ക് നയിക്കാനും ഇതെല്ലാം കാരണമായിട്ടുണ്ട്. പ്രായമായവരിൽ പലരും വീടുകളിൽ തനിച്ചായി. മാറാവ്യാധികളുടെ ബുദ്ധിമുട്ടുകളും ഏകാന്തതയും കൊവിഡ് ബാധിക്കുകമോയെന്ന ഭയവുമാണ് അവരെല്ലാം നേരിടുന്നത്.