സ്വന്തം ലേഖകൻ
ആലപ്പുഴ : കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
2014 മാർച്ചിൽ കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ(31), മൂന്നാം പ്രതി പുതുവൽവെളി നന്ദു (26), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ്(38) എന്നിവർക്കാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഒമ്പതും പത്തും പ്രതികളായ തോട്ടുവാത്തല മാമൂട്ടിച്ചിറ സന്തോഷ്, തോട്ടുവാത്തല ഉപ്പൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവരെ രണ്ട് വർഷം വീതം തടവിനു ശിക്ഷിച്ചു. ഇവർ 50000 രൂപ വീതം പിഴയും ഒടുക്കണം.
ഒന്നാം പ്രതി പുന്നമട അഭിലാഷ് കേസിന്റെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. കോടതി വിധിയ്ക്ക് ശേഷം പുറത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി ഇവരെ ഓടിച്ചു. കോടതിയ്‌ക്ക് അകത്തുകയറിയ രണ്ടു പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. അണ്ണാച്ചി ഫൈസൽ, ജീജു എന്നിവരയാണ് കരുതൽ തടങ്കലിലാക്കിയത്.