മണ്ണൂത്തി സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; റാംഗിങ് എന്ന് സംശയം; ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി പൊലീസ്; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് എസ്എഫ്‌ഐ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: മണ്ണൂത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോൾട്ടികൾച്ചർ കോളജിലെ ഒന്നാം വർഷ വിദ്യാർഥി ആയിരുന്നു മഹേഷ്. ഒരാഴ്ച മുമ്പ് കാമ്പസിലെത്തിയ മഹേഷ് ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസിച്ചിരുന്നത്.

കാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കുറച്ചുപേർ ശനിയാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞു. ഇവരെല്ലാം പോയതിന് ശേഷം രാത്രി 12 മണിയ്ക്കാണ് മഹേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് എസ്എഫ്‌ഐ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് എസ്എഫ്‌ഐ പരാതി നൽകി. ഇതിന് മുമ്പും നിരവധി തവണ റാഗിങ്ങിന്റെ ഭാഗമായി പരാതി ഉയർന്നിട്ടും അധികൃതർ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

മഹേഷിന് വീട്ടിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതിൽ റാഗിങ്ങിനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. പ്രണയബന്ധം തകർന്നതാണോ ആത്മഹത്യയിലേക്ക് നയിച്ചതോയെന്ന് പോലീസിന് സംശയമുണ്ട്. മഹേഷിന്റെ ഫോൺ പരിശോധിക്കുകയാണ്. പോലീസ് സഹപാഠികളുടെ മൊഴി എടുത്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മഹേഷ് അവസാനമായി അയച്ച സന്ദേശങ്ങൾ മണ്ണുത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതനുസരിച്ച്, റാഗിങ്ങുമായി ബന്ധപ്പെട്ടല്ല പോലീസ് കേസെടുത്തിരിക്കുന്നത്. മഹേഷിന്റെ വീട്ടുകാരും റാഗിങ്ങുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല.