
കേരളത്തിലെ ആദ്യ കാരവന് പാര്‍ക്ക് മറയൂരില്‍; ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കും; ആഡംബര ഹോട്ടല്‍ മാതൃകയിലാകും സജ്ജീകരണം; അനുബന്ധ സജ്ജീകരണങ്ങള്‍ക്കായി ചര്‍ച്ചകൾ പുരോഗമിക്കുന്നു
സ്വന്തം ലേഖിക
മറയൂര്‍: ആഡംബരവാഹനത്തിനുള്ളില് തന്നെ എല്ലാവിധ സംവിധാനങ്ങളോടെയും താമസിക്കാനുള്ള സംവിധാനവുമായി സംസ്ഥാന സര്‍ക്കാരിൻ്റെ പരിസ്ഥിതി സൗഹൃദ കാരവന് ടൂറിസം പദ്ധതിയുടെ ആദ്യ കാരവന് പാര്‍ക്ക് മറയൂരിന് സമീപം വയല്‍ക്കടവില്‍.
പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും മലിനീകരണം കുറക്കാനുമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച കാരവന് ടൂറിസം നേടിയ സ്വീകാര്യതയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ടൂറിസം വകുപ്പിനെ പ്രേരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിലൂടെ ആസ്വാദ്യകരമായ യാത്രാനുഭവങ്ങള്‍ നല്‍കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്, ഹാരിസണ്‍ മലയാളം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സി.ജി.എച്ച് എര്‍ത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ട് വന്നത്.
കേരളത്തില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് അനുമതി. മറയൂരിന് സമീപം വയല്‍ക്കടവ് എസ്റ്റേറ്റിലാണ് അഞ്ച് ഏക്കറില്‍ ആദ്യ കാരവന് പാര്‍ക്ക് സജ്ജീകരിക്കുന്നത്.
ആഡംബര ഹോട്ടല്‍ മാതൃകയിലാകും കാരവന് സജ്ജീകരിക്കുക. വാഹനത്തിനുള്ളില്‍ സോഫാ കം െബഡ്, ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ജി.പി.എസ് ഫോണ്‍ സംവിധാനം, ചാര്‍ജിങ്ങ് സംവിധാനം, ഓഡിയോ വിഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.
പദ്ധതി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ചും അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച പുരോഗമിക്കുകയാണ്. സ്വകാര്യ നിക്ഷേപകരെയും പ്രാദേശിക ടൂര്‍ ഓപറേറ്റര്‍മാരെയും തദ്ദേശീയരെയും ഉള്‍കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.