play-sharp-fill
മകളുടെ വിവാഹാവശ്യത്തിനായി വായ്പയെടുത്ത കല്‍പണിക്കാരന് ജപ്തി നോട്ടീസ്;  തിരിച്ചടക്കാൻ മാർഗമില്ലാതായതോടെ ജീവനൊടുക്കി; കരുവന്നൂര്‍ ബാങ്കില്‍ നിന്ന്  വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്

മകളുടെ വിവാഹാവശ്യത്തിനായി വായ്പയെടുത്ത കല്‍പണിക്കാരന് ജപ്തി നോട്ടീസ്; തിരിച്ചടക്കാൻ മാർഗമില്ലാതായതോടെ ജീവനൊടുക്കി; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്

സ്വന്തം ലേഖിക

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്തവരില്‍ ഒരാള്‍ കൂടി ജീവനൊടുക്കി.


ആലപാടന്‍ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് കരിവന്നൂര്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്. കൊറോണയും ലോക് ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലര്‍ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്.

നേരത്തെ ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു. കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയവര്‍ക്കെതിരെ ജപ്തിയടക്കമുള്ള നടപടികള്‍ സ്വീകരിക്കാതെ ബാങ്ക്, സാധാരണക്കാര്‍ക്ക് മാത്രം ജപ്തി നോട്ടീസ് അടക്കമുള്ള നടപടിയെടുക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂ‍ര്‍ ബാങ്കില്‍ കോടികളുടെ വന്‍ വായ്പാ തട്ടിപ്പാണ് നടന്നത്. 100 ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്.