play-sharp-fill
മോൻസൻ മാവുങ്കൽ അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറ; ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ക്യാമറകൾ; ഒളിക്യാമറ കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും

മോൻസൻ മാവുങ്കൽ അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറ; ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ക്യാമറകൾ; ഒളിക്യാമറ കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും

സ്വന്തം ലേഖകൻ

കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറ. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ 3 ക്യാമറകളാണു കണ്ടെത്തിയത്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചതെന്നു കരുതുന്ന ഹാർഡ് ഡിസ്കുകളും സിഡിയും അന്വേഷണസംഘം പിടിച്ചെടുത്തു.

കലൂരിൽ മോൻസന്റെ മ്യൂസിയവും മസാജിങ് കേന്ദ്രവും പ്രവർത്തിക്കുന്ന വീടിനോടു ചേർന്നാണ് അതിഥികൾക്കായി ആഡംബര മന്ദിരവുമുള്ളത്. ഇതിന്റെ കിടപ്പുമുറിയിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടപ്പുമുറി ദൃശ്യങ്ങൾ കൃത്യമായി പകർത്താൻ പാകത്തിനാണ് ഇവ ഒളിപ്പിച്ചു വച്ചിരുന്നത്. മുറിയിലുള്ളവർക്കു ക്യാമറയുടെ സാന്നിധ്യം കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു സജ്ജീകരണം.

ഒട്ടേറെ ഉന്നതർ മോൻസന്റെ അതിഥികളായി ഇവിടെ എത്തി താമസിച്ചിട്ടുണ്ടെന്നിരിക്കെ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതെന്നതു സംബന്ധിച്ചു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മോൻസനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി തിരുമ്മൽ കേന്ദ്രത്തിൽ ക്യാമറയുള്ളതായി നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെയാണ് അതിഥി മന്ദിരത്തിലും ക്യാമറയുണ്ടോ എന്ന പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് മുതിർന്നത്.

പീഡനത്തിനിരയായി പെൺകുട്ടിയുടെ മൊഴിയെടുപ്പ് ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. മോൻസന്റെ ജീവനക്കാരുൾപ്പെടെ 3 പേർക്കെതിരെയാണു പെൺകുട്ടിയുടെ മൊഴിയെന്നാണു വിവരം. ഇവരും കേസിൽ പ്രതികളാകും.

ഈ കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. നിലവിൽ ഡിആർഡിഒ രേഖകൾ വ്യാജമായി തയാറാക്കിയ കേസിൽ കസ്റ്റഡിയിലാണു മോൻസൻ. അതേസമയം, സാമ്പത്തിക തട്ടിപ്പുൾപ്പെടെ 2 കേസുകളിൽ മോൻസൻ സമർപ്പിച്ച ജാമ്യാപേക്ഷകൾ അഡീഷനൽ സെഷൻസ് കോടതി തള്ളി.