play-sharp-fill
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു; വെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ കെഎസ്ഇബിയ്ക്ക് നഷ്ടം കോടികൾ

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു; വെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ കെഎസ്ഇബിയ്ക്ക് നഷ്ടം കോടികൾ

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ കെഎസ്ഇബി നേരിടുന്നത് കോടികളുടെ നഷ്ടം. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് മൂലം കെഎസ്ഇബിക്ക് നഷ്ടമാകുന്ന രൂപയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഡാമിലെ വെള്ളം കടലിലേക്ക് ഒഴുക്കികളയുന്നതിനൊപ്പം കോടികളാണ് പാഴായി പോകുന്നത്.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റർ ഉയർത്തിയാൽ ഒരു സെക്കൻഡിൽ 1,875 രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുന്നതെന്നാണ് പുറത്തു വരുന്ന വാർത്ത. ഇതോടെ ഒരു മണിക്കൂറിൽ 67,50,000 രൂപയാണ് നഷ്ടമാകുന്നത്. 3 ഷട്ടറും കൂടി തുറക്കുമ്പോൾ നഷ്ടം മണിക്കൂറിൽ 2 കൊടിയിലധികമാണ്.ഒരു ഷട്ടർ 50 സെന്റി മീറ്റർ ഉയർത്തിയ ശേഷം താഴ്ത്തുന്നതിന് ഏറെക്കുറെ മൂന്നു മണിക്കൂർ വേണമെന്നാണ് ഡാം ജനറേഷൻ വിഭാഗം പറയുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരടി തുറന്നുവിട്ടാൽ 850 ദശലക്ഷം ഘനയടി വെള്ളമാണ് നഷ്ടപ്പെടുന്നതെന്നും ഇതിലൂടെ പാഴാകുന്നത് 14 കോടി രൂപയാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ൽ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു. 30 ദിവസത്തിനു ശേഷമാണ് അന്ന് ഷട്ടറുകൾ അടച്ചത്. 1063.226 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമാണ് അന്ന് ഒഴുക്കിവിട്ടത്. അന്ന് ഒഴുക്കിവിട്ട വെള്ളം കൊണ്ട് 1,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നായിരുന്നു എന്നാണ് കണക്ക്.

അതേസമയം ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തന്നെ തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം ഇന്ന് തുറന്നത്. സൈറൺ മുഴക്കിയ ശേഷമാണ് ഷട്ടർ തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് തുറന്നത്. ഇതിലൂടെ 35000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകളും ഉയർത്തുന്നതോടെ ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകും.

മൂന്ന് ഷട്ടറുകൾ തുറന്ന് 100 ക്യുമക്‌സ് വരെ ജലം ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ 35 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. കനത്ത മഴയുടെ സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ മഴയിൽ നീരൊഴുക്ക് കൂടി ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണിത്.