സ്വന്തം ലേഖിക
പാലക്കാട്: വടക്കന്‍ കേരളത്തില്‍ പാലക്കാടൊഴികെയുള്ള ജില്ലകളില്‍ മഴ കുറഞ്ഞു.
പാലക്കാട് ജില്ലയില്‍ ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലടക്കം വെള്ളം കയറി. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും പോത്തുണ്ടി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു.
വയനാട്ടില്‍ ഇടവിട്ട മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളില്ല. മുന്‍കരുതലിന്‍റെ ഭാഗമായി കണ്ണൂരില്‍ നിന്നെത്തിയ 25അംഗ കേന്ദ്രസംഘം വയനാട്ടില്‍ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയിലുള്‍പ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും ആളപായമില്ല. കാസര്‍കോട് ഇന്നലെ രാത്രിമുതല്‍ മഴ വിട്ടുനില്‍ക്കുകയാണ്.
മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയന്നതിനാല്‍ പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. പൊന്നാനിയില്‍ രണ്ടു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.