play-sharp-fill
കൂട്ടിക്കലിലെ പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹത്തിനൊപ്പമുള്ളത് മുതിർന്ന പുരുഷൻ്റെ കാൽ; കൂട്ടിക്കലിൽ ഇനിയും മൃതദ്ദേഹങ്ങൾ കാണാനുണ്ട്

കൂട്ടിക്കലിലെ പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹത്തിനൊപ്പമുള്ളത് മുതിർന്ന പുരുഷൻ്റെ കാൽ; കൂട്ടിക്കലിൽ ഇനിയും മൃതദ്ദേഹങ്ങൾ കാണാനുണ്ട്

സ്വന്തം ലേഖകൻ

കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചതായി സൂചന.

ഉരുള്‍പ്പൊട്ടലില്‍ മരിച്ച അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്റെ മൃതദേഹത്തിനൊപ്പം ഒരു കാല്‍ കണ്ടെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാല് മുതിര്‍ന്ന പുരുഷന്റേതാണ് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.

ഇതോടെയാണ് മരണസംഖ്യ കൂടുമെന്ന സംശയം ഉയര്‍ന്നത്. ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പ്ലാപ്പള്ളി മേഖലയില്‍ നാല് പേര് മരിച്ചുവെന്നാണ് കണക്ക്.

സോണിയ, അലന്‍, സരസമ്മ മോഹനന്‍, റോഷ്‌നി എന്നിവരാണ് മരിച്ചത്. ഇതില്‍ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പമുള്ളത്.

ഈ മേഖലയില്‍ കല്ലുകളും മറ്റും വീണ് മൃതദേഹങ്ങള്‍ ചിന്നിച്ചിതറി പോയിരുന്നു. മൃതദേഹങ്ങളെല്ലാം മണ്ണിനടിയില്‍ നിന്ന് ശേഖരിച്ചാണ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത്.

ഇതിനിടയിലാണ് അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. നിലവില്‍ മുതിര്‍ന്ന ഒരു വ്യക്തിയെ കാണാതായതായി റിപ്പോര്‍ട്ടുകളുമില്ല.

അതുകൊണ്ട് തന്നെ കൃത്യമായ വിവരങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ഡിഎന്‍എ ടെസ്റ്റ് തന്നെ നടത്തേണ്ടി വരും.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേര്‍ മരിച്ചെന്ന് ‘ സര്‍ക്കാരിന്റെ കണക്കുകള്‍. കോട്ടയം ജില്ലയില്‍ മാത്രം പതിമൂന്ന് പേരാണ് മരിച്ചത്. ഇടുക്കിയില്‍ ഒൻപതും മലപ്പുറത്ത് മൂന്നും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. അതിശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങി മരിച്ചു. ഇയാള്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. തിരുവനന്തപുരം ചിറയ്ക്കല്‍ സ്വദേശി അഭിലാഷ് ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവം നടന്നത്.

അഭിലാഷിനൊപ്പം വേറൊരാള്‍ കൂടി ഒഴുക്കില്‍പ്പെട്ടിരുന്നു. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അതേസമയം ഇവര്‍ കുടുംബത്തോടെ പൊന്മുടിയിലേക്ക് വന്നതാണ്. ഇവിടെ വിലക്കുള്ളതിനാല്‍ പൊന്മുടിയിലേക്ക് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് തിരിച്ചുവന്ന് ചെക്ഡാമില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. നിലവില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് തിരിച്ചെത്തും. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച്ചയോടെ മഴ കനക്കും. ബുധനാഴ്ച്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

പാലക്കാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട മേഖലയില്‍ ഇപ്പോഴും മഴ പെയ്യാമെന്ന അവസ്ഥയിലാണ്. ഇവിടെ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി രൂക്ഷമാകും.