രാജ്യത്താദ്യം ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ; ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും

രാജ്യത്താദ്യം ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ; ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും

സ്വന്തം ലേഖകൻ

വയനാട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ജില്ല. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും ഉണ്ടായിരിക്കും.

കൂടാതെ ഓരോ പ്രദേശത്തെയും ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നിലവിൽ ഇതിന്റെ ഭാഗമായി സേഫ് ടൂറിസം ക്യാംപയിനും ജില്ലയിൽ ആരംഭിച്ചു.

വിനോദ സഞ്ചാരത്തിനെത്തുന്നവർ അപകടത്തിൽപെടുന്നതും ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെ ആഘാതവും കുറയ്‌ക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ട്, കുറുവ ദ്വീപ്, ചെമ്പ്രമല, അമ്പുകുത്തിമല, കുറുമ്പാലക്കോട്ട എന്നീ വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുരന്തനിവാരണ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉൽഘാടനം പൂക്കോട് തടാകത്തിൽ കളക്‌ടർ എ ഗീത നിർവഹിച്ചു. 3 മാസത്തിനുള്ളിൽ പദ്ധതി പൂർണതോതിൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. സഞ്ചാരികൾക്കായി ആംബുലൻസുകൾ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ആദ്യഘട്ടത്തിൽ തിരക്കേറിയ 5 കേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യത്തിനുള്ള നടപടികൾ‌ സ്വീകരിക്കാനാണ് നീക്കം.