സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ സുവർണാവസരം. താമസവും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രയും അടക്കമാണ് പാക്കേജ്. ഭക്ഷണച്ചിലവ് മാത്രമാണ് യാത്രക്കാർ സ്വയം വഹിക്കേണ്ടി വരിക. ഈ മാസം 16ആം തീയതിയാണ് പാക്കേജ് പ്രകാരമുള്ള ആദ്യത്തെ ബസ് ജില്ലയിൽ നിന്നും പുറപ്പെടുന്നത്.
50 പേർ രജിസ്‌റ്റർ ചെയ്യുന്നതോടെ സൂപ്പർ ഫാസ്‌റ്റ് ബസ് യാത്രക്കായി അനുവദിക്കും. ശനിയാഴ്‌ച ഉച്ചയോടെ പുറപ്പെടുന്ന ആദ്യ ബസ് രാത്രിയോടെയാണ് മൂന്നാറിൽ എത്തുന്നത്. ഡിപ്പോയിൽ ക്രമീകരിച്ച എസി സ്ളീപ്പർ ക്ളാസ് ബസുകളിലാണ് താമസം. അതിനടുത്തായി ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഞായറാഴ്‌ച രാവിലെ 10 മണി മുതൽ മൂന്നാർ കാഴ്‌ചകൾ കാണാൻ പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും.
തേയില ഫാക്‌ടറി, മ്യൂസിയം, ടോപ് സ്‌റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്‌ളവർ ഗാർഡൻ എന്നിവ കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. തുടർന്ന് വൈകുന്നേരം 6.30 ഓടെ മൂന്നാർ സബ് ഡിപ്പോയിൽ എത്തും. തുടർന്ന് അവിടെ നിന്നും വീണ്ടും സൂപ്പർ ഫാസ്‌റ്റ് ബസിൽ മലപ്പുറത്തേക്ക് യാത്ര തിരിക്കും. ഒരാൾക്ക് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് 700 രൂപ, താമസത്തിന് 100 രൂപ, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്‌ക്ക് 200 എന്നിവയടക്കമാണ് പാക്കേജ്. മലപ്പുറം ഡിപ്പോയിലെ റഷീദ് (99950 90216), പ്രദീപ് (94472 03014) എന്നിവരാണ് പാക്കേജിന്റെ കോഓർഡിനേറ്റർമാർ.