play-sharp-fill
അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനിടെ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവം; ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍; ചികില്‍സ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നിരിക്കെ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനിടെ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവം; ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍; ചികില്‍സ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നിരിക്കെ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ തൈറോയിഡ് ഓപ്പറേഷനിടെ അടൂര്‍ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയന്‍ സ്റ്റീഫന് സസ്പെന്‍ഷന്‍.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഡയറക്ടര്‍ ഡോ. എ റംല ബീവി ഉത്തരവിട്ടു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല ഹോളി ക്രോസ് ആശുപത്രിയില്‍ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. എസ്. കലയുടെ ഭര്‍ത്താവ് വിവി ജയകുമാര്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഡോ. ജയന്‍ സ്റ്റീഫന്‍ ഹോളി ക്രോസ് ആശുപത്രിയില്‍ ചികില്‍സ നടത്തിയിരുന്നത്. ജയന്‍ സ്റ്റീഫന്റെ ചികില്‍സയിലായിരുന്ന കലയ്ക്ക് അദ്ദേഹം തന്നെയായിരുന്നു ഓപ്പറേഷന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതും.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോള്‍ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടര്‍ പരിശോധന നടത്തിയെന്നും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാല്‍ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ഐ.സി.യു ആംംബുലന്‍സ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.

എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു. തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്‌സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്‌ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡോ. ജയന്‍ സ്റ്റീഫന്റെ പേര് രേഖകളില്‍ ഉള്‍പ്പെടുത്താത്ത ആശുപത്രി അധികൃതര്‍ ഡോ. സുരേഷ് ബാബു, ഡോ. ജോര്‍ജ് എന്നിങ്ങനെ രണ്ട് ഡോക്ടര്‍മാരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നാണ് വിശദീകരിക്കുന്നത്.എന്നാൽ ഡോ. ജയന്‍ സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ നടന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. കേസ് അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്‌പിക്കാണ്.