സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തീയറ്ററുകൾ ഈ മാസം 25 മുതൽ; വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം;സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗരേഖ ഉടൻ

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തീയറ്ററുകൾ ഈ മാസം 25 മുതൽ; വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം;സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗരേഖ ഉടൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.

തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി പ്രവര്‍ത്തിപ്പിക്കാം. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.
സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷന്‍ നിബന്ധന മതി.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.

കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച്‌ നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.

സിഎഫ്‌എല്‍ടിസി, സിഎസ്‌എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അദ്ധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്.

സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ട്.

കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു