സ്വന്തം ലേഖിക
കോട്ടയം: ചിലര്‍ തമ്മില്‍ പ്രണയമായിരുന്നു, മറ്റു ചിലര്‍ അടുത്ത സൗഹൃദമുള്ളവരായിരുന്നു, ചിലര്‍ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചവരായിരുന്നു…
ചെന്നു വീണു കഴിയുമ്പോഴാണ് പലപ്പോഴും തനിക്കു പൊരുത്തപ്പെടാന്‍ പറ്റാത്ത ആളാണ് സുഹൃത്ത് എന്നു പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. പിന്നീട് അതില്‍ നിന്നു പിന്മാറാനും രക്ഷപ്പെടാനുമുള്ള വഴികള്‍ തേടും. ഇതു പലപ്പോഴും കാമുകന്മാരായി എത്തുന്നവരെ കൊലപാതകിയാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി “തേച്ചിട്ടു പോയോ’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന് ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ പറയുന്നു.
കോതമംഗലം നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ മാനസ വെടിയേറ്റു മരിച്ചതും 2017 ഫെബ്രുവരി ഒന്നിനു കെ.ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആര്‍പ്പൂക്കരയിലെ എസ്‌എംഇ ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതും ഇത്തരം മനോഭാവത്തോടെയാണ്.
മിക്ക സംഭവങ്ങളിലും കൊലയാളികള്‍ പെണ്‍കുട്ടികളുമായി ഏതെങ്കിലും രീതിയില്‍ അടുപ്പമോ സൗഹൃദമോ ഉള്ളവരായിരുന്നു. പ്രണയനൈരാശ്യത്തില്‍ പെണ്‍കുട്ടിയുടെ ജീവന്‍ എടുക്കണമെന്നുള്ള മനോഭാവം യുവതലമുറയിലെ മാനസികാരോഗ്യത്തില്‍ വന്നിട്ടുള്ള വലിയ പോരായ്മയുടെ പ്രതിഫലനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നു പാലായില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായും താന്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നാണ് പ്രതി അവകാശപ്പെടുന്നത്. അടുത്ത കാലത്തായി അവള്‍ തന്നോട് അകല്‍ച്ച കാണിക്കുന്നതാണ് ആക്രമണത്തിനു കാരണമെന്നും പ്രതി പറയുന്നു.
കൗമാരത്തിലെ സൗഹൃദങ്ങളിലും സമീപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ പെണ്‍കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സമയം പോക്കിനു വേണ്ടിയുള്ള സംവിധാനമായി പ്രണയത്തെ കാണരുത്. കാരണം നിങ്ങള്‍ ഇടപെടുന്നവരുടെ മനോനില ആ രീതിയില്‍ ആകണമെന്നില്ല.
ശരിയായി കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് അപകടകാരിയായി തിരിഞ്ഞുകൊത്തുമെന്നാണ് ഇതുവരെയുള്ള പലരുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നത്.