play-sharp-fill
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴികൊടുത്ത ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരം ഇന്ന്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴികൊടുത്ത ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകൻ

പള്ളിപ്പുറം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നൽകിയ വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്തെത്തിച്ചു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇളയ സഹോദരൻ ജോർജ് കുര്യൻ താമസിക്കുന്ന കുടുംബവീട്ടിലെത്തിച്ചത്. സംസ്‌കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും.

ഉച്ചയ്ക്ക് 12-ന് കുടുംബവീട്ടിൽ നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകൾക്കുശേഷം രണ്ടോടെ പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിലാണ് മൃതദേഹം അടക്കം ചെയ്യുക. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകും. തുടർന്ന് പള്ളിച്ചന്തയിൽ കാട്ടുതറ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ജലന്ധർ രൂപതയിലെ വൈദികനായ ഫാ. കുര്യാക്കോസ് കാട്ടുതറയെ (62) മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ജലന്ധറിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് 5.50-ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. അച്ചന്റെ സഹോദരങ്ങളും ഫാ. ജോസ് പടയാട്ടിലും മറ്റു ബന്ധുക്കളും മൃതദേഹത്തത്തോടൊപ്പമുണ്ടായിരുന്നു. പള്ളിപ്പുറത്ത് രാത്രി വൈകിയും നൂറുകണക്കിന് വിശ്വാസികളും പള്ളിപ്പുറം ഫൊറോനയിലെ വൈദികരും കന്യാസ്ത്രീകളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.

ജലന്ധറിൽ അച്ചൻ മാനസികമായി ഏറെ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് സഹോദരങ്ങളായ ജോസ് കുര്യൻ, ജോണി തോമസ് എന്നിവർ പറഞ്ഞു. അമിതമായ രക്തസമ്മർദം അനുഭവപ്പെട്ടിരുന്നു. രണ്ടു നേരം ഭക്ഷണം കഴിക്കാതിരുന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. അന്വേഷിച്ചെത്തിയവരോട് പുറത്തു പോയെന്നാണ് അവിടത്തെ ജോലിക്കാരൻ പറഞ്ഞത്. ബിഷപ്പിനെതിരേ മൊഴി നൽകിയതിന് കൂടെ താമസിച്ചിരുന്ന മറ്റൊരു വൈദികനും അവിടത്തെ കന്യാസ്ത്രീകളും അച്ചനെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. അച്ചനെ മുറിയിൽത്തന്നെ ഒതുക്കി പീഡിപ്പിക്കുകയായിരുന്നു. ഭക്ഷണത്തിനുള്ള അലവൻസ് പോലും അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ ഏതാനും മാസങ്ങളെടുക്കും. തങ്ങൾ പറഞ്ഞ ആവശ്യങ്ങളെല്ലാം പഞ്ചാബ് പോലീസ് അംഗീകരിച്ചതിനാലാണ് അവിടെത്തന്നെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരങ്ങൾ പറഞ്ഞു.