മുല്ലപ്പെരിയാറിൽ പുതിയ ഡാം; പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് സാധ്യതാ പഠനം നടത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിർമാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ളത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ട് പണിയാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുക. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്.
സാധ്യത പഠനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കത്ത് നൽകിയതോടെ കേന്ദ്രസർക്കാർ ആദ്യം നൽകിയ അനുമതി റദ്ദാക്കിയിരുന്നു. തുടർന്നു ഇതേ ആവശ്യം ഉന്നയിച്ചു കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് പുതിയ അനുമതി നൽകിയത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിർമ്മാണത്തിനുള്ള അനുമതി കേന്ദ്രം നൽകുക. 50 ഹെക്ടർ വനഭൂമിയാണ് അണക്കെട്ട് നിർമാണത്തിന് ആവശ്യമായി വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group