സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട സിഐ എൻ.ജി ശ്രീമോനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട സി.ഐക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. നടപടിയെടുക്കുമെന്ന് കോടതിക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇടപെടൽ. സിവിൽ തർക്കത്തിൽ ഇടപെട്ടെന്ന പരാതിയിൽ തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോനെതിരെ കർശനമായ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാമെന്ന് നേരത്തേ കേസ് പരിഗണിക്കവേ സർക്കാർ ഉറപ്പ് നൽകിയിരുന്നു. നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഒക്‌ടോബർ 10ന് കോടതി നിർദ്ദേശിച്ചിരുന്നു. നടപടിയുണ്ടാകാത്ത പക്ഷം ഇതുസംബന്ധിച്ച് നവംബർ ഒമ്പതിന് വിശദീകരണം നൽകാൻ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. ശ്രീമോന്റെ ഇടപെടൽ സംബന്ധിച്ച് ഐ.ജിയും ആഭ്യന്തര സെക്രട്ടറിയും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓഫീസിലെ ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടാണ് നൽകിയതെന്ന് ഐ.ജി അറിയിച്ചു. വൈരുധ്യമുണ്ടായതെന്തുകൊണ്ടെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി ഐ.ജിയോട് നിർദേശിച്ചു.പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തൊടുപുഴ പൊലീസിന്റെ അധികാര പരിധിയിൽപെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സി.ഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നുമാരോപിച്ചാണ് ബേബിച്ചൻ വർക്കി കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂമിയുമായി ബന്ധപ്പെട്ട സിവിൽ തർക്കം ഒത്തുതീർപ്പാക്കാൻ ശ്രീമോൻ ഇടപെട്ടെന്ന പരാതി അന്വേഷിക്കാൻ ഇന്റലിജൻസ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര ജോ. സെക്രട്ടറി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു കേസിൽ ശ്രീമോൻ ഇടപെടാൻ പാടില്ലായിരുന്നുവെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നത്.സിവിൽ കേസുകളിൽ ഇടപെട്ട് കക്ഷികളെ ഒത്തുതീർപ്പിന് നിർബന്ധിക്കരുതെന്ന 2012ലെ ഡി.ജി.പിയുടെ സർക്കുലറിന് വിരുദ്ധമാണ് സി.ഐയുടെ നടപടികൾ.