play-sharp-fill
രണ്ടു ലക്ഷം കിട്ടുമെന്ന് കേട്ട് ഒന്നര ലക്ഷം രൂപ തട്ടിപ്പുകാരന് നൽകി: ഡൽഹിയിലിരുന്ന് മലയാളികളെപ്പറ്റിച്ച് കാശുണ്ടാക്കിയ മലയാളി സഹോദരന്മാർ പിടിയിൽ; പിടികൂടിയത് കൊച്ചി പൊലീസ്

രണ്ടു ലക്ഷം കിട്ടുമെന്ന് കേട്ട് ഒന്നര ലക്ഷം രൂപ തട്ടിപ്പുകാരന് നൽകി: ഡൽഹിയിലിരുന്ന് മലയാളികളെപ്പറ്റിച്ച് കാശുണ്ടാക്കിയ മലയാളി സഹോദരന്മാർ പിടിയിൽ; പിടികൂടിയത് കൊച്ചി പൊലീസ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: രണ്ടു ലക്ഷം രൂപ കിട്ടുമെന്നു കേട്ട്, തട്ടിപ്പുകാരന്റെ പോക്കറ്റിലേയ്ക്ക് ഒന്നര ലക്ഷം രൂപ ഇട്ടു നൽകിയ മലയാളികളുടെ പോക്കറ്റടിച്ച ഡൽഹിയിലെ മലയാളി കൊള്ളക്കാർ പിടിയിൽ.

രണ്ടു ലക്ഷം രൂപ ഓൺലൈനായി ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹോദരങ്ങളായ ഡൽഹി മലയാളികളാണ് അറസ്റ്റിലായിരിക്കുന്നത്. വെസ്റ്റ് ഡൽഹി രഗുബീർ നഗറിൽ താമസിക്കുന്ന വിവേക് പ്രസാദ്(29), സഹോദരൻ വിനയ് പ്രസാദ്(23) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ സൈബർ ക്രൈം പൊലീസ് ഡൽഹിയിലെത്തി അറസ്റ്റു ചെയ്ത പ്രതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

തിരുവല്ല, ഹരിപ്പാട് സ്വദേശികളായ മാതാപിതാക്കളുടെ മക്കളാണ് പിടിയിലായവർ. ജനിച്ചു വളർന്നത് ഡൽഹിയിലാണെങ്കിലും നന്നായി മലയാളം സംസാരിക്കും ഇവർ. ട്രാവൻകൂർ ഫിനാൻസിയേഴ്‌സ്, ലക്ഷ്മി വിലാസം ഫിനാൻസിയേഴ്‌സ് എന്നീ കമ്പനി പേരുകളിൽ സ്ത്രീകൾക്ക് ഒരു ശതമാനം പലിശ നിരക്കിലും പുരുഷന്മാർക്ക് രണ്ടു ശതമാനം പലിശ നിരക്കിലും ലോൺ നൽകുമെന്നായിരുന്നു വാഗ്ദാനം. എസ്എംഎസ് വഴി ആളുകളെ വലയിലാക്കി ആധാർകാർഡ് ഉൾപ്പടെയുള്ള രേഖകൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്.

മറ്റു പല ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽനിന്നു ലഭിക്കുന്ന കരാർ രേഖകൾ എഡിറ്റ് ചെയ്ത് നൽകിയാണ് പണം നൽകുമെന്നു വിശ്വസിപ്പിച്ചിരുന്നത്. കരാർ ഫീസ് അടയ്ക്കാനാവശ്യപ്പെട്ട് ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് നൽകിയിരുന്നത്.

ഫീസ് ലഭിച്ചാൽ ഉടൻ കരാർ ലെറ്റർ അയച്ചു നൽകും. ലോൺ തുക അക്കൗണ്ടിൽ കയറാൻ തടസമുണ്ടെന്നും ഡിഡി എടുക്കണം, നികുതി അടയ്ക്കണം എന്നെല്ലാം ആവശ്യപ്പെട്ട് വീണ്ടും പണം വാങ്ങും.

പരമാവധി പണം തട്ടിയെടുത്ത ശേഷം എടിഎമ്മിലൂടെ ഡൽഹിയിൽനിന്നു പണം പിൻവലിച്ച് ഫോൺ ഓഫ് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.

പനങ്ങാട് സ്വദേശി പ്രഭിലാലാണ് രണ്ടു ലക്ഷം രൂപയ്ക്കായി ഒന്നര ലക്ഷം രൂപയോളം വിവിധ ആവശ്യങ്ങൾക്കായി ചോദിച്ചപ്പോൾ നൽകിയത്.

ഇയാൾ നൽകിയ പരാതിയിൽ പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സൈബർ ക്രൈം പൊലീസ് ഇവരെ ഡൽഹിയിൽനിന്ന് അറസ്റ്റു ചെയ്യുന്നത്.