play-sharp-fill
കോട്ടയം റയില്‍വെ സ്റ്റേഷന്‍ : 20 കോടിയുടെ പദ്ധതികള്‍ക്ക്‌ രൂപരേഖയാകുന്നു : ജോസ്‌ കെ.മാണി

കോട്ടയം റയില്‍വെ സ്റ്റേഷന്‍ : 20 കോടിയുടെ പദ്ധതികള്‍ക്ക്‌ രൂപരേഖയാകുന്നു : ജോസ്‌ കെ.മാണി

 

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം റയില്‍വെ സ്റ്റേഷനില്‍ 20 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക്‌ പ്രാഥമിക രൂപരേഖ തയ്യാറാകുന്നതായി ജോസ്‌ കെ.മാണി എം.പി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ദക്ഷിണ റയില്‍വെ ചീഫ്‌ പ്ലാനിങ്ങ്‌ ആന്‍ഡ്‌ ഡെവലെപ്‌മെന്റ്‌ എന്‍ജിനീയര്‍ എ.കെ സിന്‍ഹയുമായി എം.പി ചര്‍ച്ച നടത്തി. തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ കോട്ടയത്ത്‌ രൂപരേഖയുടെ പ്രാഥമിക പഠനം നടത്തി. കോട്ടയം റയില്‍വെ സ്റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണമെന്ന്‌ കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ 20 കോടി രൂപ അനുവദിച്ചതെന്നും ജോസ്‌ കെ.മാണി പറഞ്ഞു. യാത്രക്കാര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ്‌ പരിഗണന നല്‍കുന്നത്‌. കോട്ടയം റയില്‍വെ സ്റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ സംവിധാനം ഒരുക്കുന്നതിന്‌ പദ്ധതിയുണ്ട്‌. എം.സി റോഡില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ കോട്ടയത്തിന്‌ ഒരു രണ്ടാം കവാടം ഗുഡ്‌സ്‌ ഷെഡ്‌ റോഡില്‍ നിന്നും നിര്‍മ്മിക്കും. നിലവിലുള്ള മൂന്നു പ്ലാറ്റ്‌ഫോമുകള്‍ അഞ്ച്‌ പ്ലാറ്റ്‌ഫോമുകളാക്കി ഉയര്‍ത്തി സ്റ്റേഷനില്‍ നിവിലുള്ള ഫുട്ട്‌ ഓവര്‍ബ്രിഡ്‌ജുകള്‍ വീതികൂട്ടി അഞ്ച്‌ പ്ലാറ്റ്‌ഫോമുകളേയും തമ്മില്‍ ബന്ധിപ്പിച്ച്‌ തിരുവനന്തപുരം മോഡലിലാവും നിര്‍മ്മാണം നടപ്പിലാക്കുന്നത്‌. പ്ലാറ്റ്‌ഫോമുകളുടെ പ്രതലം ആധുനിക ടൈലുകള്‍ പാകി മനോഹരമാക്കുവാനും പദ്ധതിയുണ്ട്‌. ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള നിലവിലെ പില്‍ഗ്രിം സെന്ററിന്റെ രണ്ടാം നിലയില്‍ ഒരു പുതിയ ഹാള്‍ കൂടി നിര്‍മ്മിച്ച്‌ ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വിശ്രമമുറികളില്‍ കൂടുതല്‍ ശുദ്ധജലസൗകര്യവും, വാട്ടര്‍കൂളറുകളും സ്ഥാപിക്കുവാനും പദ്ധതിയുണ്ട്‌. ബുക്കിംഗ്‌ കൗണ്ടറുകളും പ്രവേശന കവാടവും കൂടുതല്‍ ആധുനിക വല്‍ക്കരിക്കണമെന്നും യാത്രക്കാര്‍ക്കായി കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും, ഡിസ്‌പ്ലേ ബോര്‍ഡുകളും, പാസഞ്ചേഴ്‌സ്‌ സൗഹൃദ കൗണ്ടറുകളും, ടച്ച്‌ സ്‌ക്രീനികളും സ്ഥാപിക്കണം. സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച ഫുട്‌ ഓവര്‍ബ്രിഡ്‌ജിന്‌ സമീപത്തായി പുതിയ എസ്‌ക്കലേറ്ററുകള്‍ സ്ഥാപിക്കുകയും പ്രായമായര്‍ക്ക്‌ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി ലിഫ്‌റ്റ്‌ സംവിധാനവും ഒരുക്കുവാനും പദ്ധതിയുണ്ട്‌. കോട്ടയം റയില്‍വെ സ്റ്റേഷന്‍ അംഗപരിമിത സൗഹൃദ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നും എം.പി ആവശ്യപ്പെട്ടു. അംഗപരിമിതര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ്‌ സംവിധാനവും കൂടുതല്‍ റാമ്പുകള്‍ ഒരുക്കുവാനും പദ്ധതിയുണ്ട്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കമെന്നും ജോസ്‌ കെ.മാണി ആവശ്യപ്പെട്ടു.