
വിവിധ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സ്ഥാനമാറ്റം; കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പുതിയ കളക്ടർമാർ
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സ്ഥാനമാറ്റം. വയനാട് കളക്ടർ അദീല അബ്ദുള്ളയെ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ജെൻഡർ പാർക്കിന്റ സി.ഇ.ഒ., സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടർ എന്നീ അധികച്ചുമതലയും അദീലയ്ക്ക് നൽകിയിട്ടുണ്ട്. എൻട്രൻസ് എക്സാമിനേഷൻസ് കമ്മിഷണർ എ. ഗീതയാണ് പുതിയ വയനാട് കളക്ടർ.
വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയെ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഇലക്ടട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ മൊഹമ്മദ് വൈ. സഫീറുള്ളയെ കേരള ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പിൽ സ്പെഷൽ കമ്മിഷണറായും നിയമിച്ചു.
സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടർ എസ്. സാംബശിവ റാവുവിന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോർഡിന്റെ സി.ഇ.ഒയുടെയും അധികച്ചുമതല കൂടി നൽകി.
സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നൽകി.
മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായ വി.ആർ. പ്രേംകുമാർ ആണ് പുതിയ മലപ്പുറം കളക്ടർ.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി മിഷൻ ഡയറക്ടർ എസ്. ഷാനവാസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. ആയി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
കൊല്ലം ജില്ലാ കളക്ടർ അബ്ദുൾ നാസറെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി നിയമിച്ചു. നിലവിൽ എറണാകുളം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണറായ അഫ്സാന പർവീണാണ് കൊല്ലത്തിന്റെ പുതിയ കളക്ടർ.
കണ്ണൂർ കളക്ടർ ടി.വി. സുഭാഷിനെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറായി നിയമിച്ചു.
ഹൗസിങ് കമ്മിഷണർ എൻ. ദേവിദാസിന് ബാക്വേഡ് ക്ലാസസ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല കൂടി നൽകും.
കണ്ണൂർ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസർ സ്നേഹിൽ കുമാർ സിങ്ങിനെ കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടറായി നിയമിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, സി-ഡിറ്റ് ഡയറക്ടർ എന്നിവയുടെ അധികച്ചുമതല കൂടി നൽകിയിട്ടുണ്ട്.