play-sharp-fill
ഫ്രാങ്കോയും അയ്യപ്പനും: സീറോയിൽ നിന്നും ഹീറോയായി പി.സി ജോർജ്; രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ് തന്ത്രമറിഞ്ഞ് ജോർജിന്റെ കളികൾ; അയ്യപ്പനെയും ക്രിസ്തുവിനെയും കൂടെക്കൂട്ടി വോട്ട് മറിക്കുന്നു

ഫ്രാങ്കോയും അയ്യപ്പനും: സീറോയിൽ നിന്നും ഹീറോയായി പി.സി ജോർജ്; രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ് തന്ത്രമറിഞ്ഞ് ജോർജിന്റെ കളികൾ; അയ്യപ്പനെയും ക്രിസ്തുവിനെയും കൂടെക്കൂട്ടി വോട്ട് മറിക്കുന്നു

ശ്രീകുമാർ

കോട്ടയം: കൃത്യ സമയത്ത് രാഷ്ട്രീയത്തിൽ കൃത്യമായ നീക്കം നടത്താൻ ഈ പൂഞ്ഞാറുകാരൻ സ്വതന്ത്രൻ എംഎൽഎയെ ആരും പഠിപ്പിക്കേണ്ട. തനിക്ക് ശരിയെന്ന് തോന്നുന്നത് കൃത്യമായി വിളിച്ചു പറയുന്ന പി.സി ജോർജെന്ന തന്ത്രങ്ങളുടെ ആശാൻ കൃത്യസമയത്ത് കൃത്യമായി തന്റെ തുറുപ്പ് ചീട്ടുകൾ കളത്തിലിറക്കാറുമുണ്ട്. രണ്ട് എംഎൽഎമാരിൽ തൂങ്ങി നിന്ന ഉമ്മൻചാണ്ടി സർക്കാരിനെ താങ്ങി നിർത്താൻ അരിവാൾചുറ്റിക നക്ഷത്രത്തിൽ നിന്നു സെൽവരാജിനെ കൃത്യമായി അടർത്തിമാറ്റിയ പി.സി ജോർജ്, എല്ലാ രാഷ്ട്രീയ പാർട്ടികളും പൂഞ്ഞാറിൽ ഒന്നിച്ച് നിന്ന് പാരപണിയുമെന്ന് ഉറപ്പായതോടെ തുറുപ്പ് ഗുലാൻ തന്നെ രംഗത്തിറക്കി. അയ്യപ്പനെയും ക്രിസ്തുവിനെയും ഒന്നിച്ച് കയ്യിലെടുത്ത ജോർജ്, ഇതോടെ അടുത്ത തവണയും വിജയമന്ത്രം കൃത്യമായി ഓപ്പറേറ്റ് ചെയ്തു കഴിഞ്ഞു.
രാഷ്ട്രീയ മേഖലയിൽ എന്നും വേറിട്ട ശബ്ദമായിരുന്നു ജോർജിന്റേത്. എല്ലാ മുന്നണികളും തള്ളിക്കളഞ്ഞ, നിരന്തര തലവേദനയായ ആ ഒറ്റയാനായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.സി ജോർജ്. ആർക്കും വേണ്ട, ജനകീയനല്ല.. പൂഞ്ഞാറിൽ നിന്നു പച്ചതൊടില്ലെന്ന് ജോർജ് ഒഴികെ കേരളത്തിലെ സകല ആളുകളും പന്തായം കെട്ടി. പക്ഷേ, എല്ലാ മുന്നണികളെയും തകിടം മറിച്ച്, ഭരണപക്ഷത്തെ സ്വതന്ത്രനെ കെട്ടിവച്ച കാശ് പോലും കിട്ടാതെ അട്ടിമറിച്ച ജോർജ് നിയമസഭയിലെത്തിയത് റെക്കോർഡ് ഭൂരിപക്ഷവുമായായിരുന്നു. പിന്നീട്, കേരള നിയമസഭയിലെ ഒറ്റയാനായി തന്നെ ജോർജ് നന്നായി അങ്ങ് വിലസുകയായിരുന്നു. പൊതുജന അഭിപ്രായം എന്തായാലും, ഭൂരിപക്ഷം ആരോടൊപ്പമായിരുന്നാലും, താൻ പറയുന്നത് ശരിയെന്നതായിരുന്നു ഈ പൂഞ്ഞാറുകാരന്റെ പക്ഷം. ദിലീപ് കേസ് മുതൽ ഏറ്റവും ഒടുവിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം ജോർജ് മുന്നിൽ നിന്നു പടവെട്ടുന്നത് തന്റെ സ്വന്തം ശരികൾക്കു വേണ്ടി മാത്രമായിരുന്നു.
യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ, സിനിമാ താരം ദിലീപ് അറസ്റ്റിലായപ്പോൾ മുതൽ ജോർജ് തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്ത് എത്തി. ദിലീപ് തെറ്റുകാരനല്ലെന്നും ചില അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രശ്‌നക്കാരെന്നുമായിരുന്നു പി.സി ജോർജിന്റെ പക്ഷം. കേരളം മുഴുവൻ ദിലീപിനെതിരെ നിന്നിട്ടും ജോർജ് തന്റെ നിലപാടിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് പോയില്ല. ഒടുവിൽ ജോർജിന്റെ നിലപാടുകൾ ശരിവയ്ക്കുന്ന രീതിയിൽ സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്യുസിസിയിൽ നിന്നു മഞ്ജുവാര്യർ പിന്മാറുകയും ചെയ്തു.
ഇതിനിടെയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് കടന്നു വരുന്നത്. സർക്കാരും സഭയും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോൾ അതിജീവനത്തിന്റെ സന്ദേശവുമായി ജോർജ് രംഗത്ത് എത്തി. കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അതിഭീകരമായ പരാമർശവുമായി എത്തിയ ജോർജ് ഈ ഒറ്റവിഷയത്തോടെ തന്നെ സഭയുടെ ഗുഡ് ബൂക്കിൽ കയറിപ്പറ്റി. ക്രൈസ്തവ വിശ്വാസികൾ കൂടുതലുള്ള പൂഞ്ഞാർ മണ്ഡലത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഭയുടെ പൂർണ പിൻതുണ ഉറപ്പാക്കുകയാണ് ജോർജ് ഇതുവഴി ചെയ്തത്. പൂഞ്ഞാറിൽ അടുത്ത തിരഞ്ഞെടുപ്പ് എത്തുമ്പോഴേയ്ക്കും ഫ്രാങ്കോ വിഷയം ജനങ്ങൾ മറന്നിരിക്കും, ഈ സാഹചര്യത്തിൽ സുഖമായി സഭയുടെ പരിപൂർണ പിൻതുണയോടെ പൂഞ്ഞാറിൽ നിന്നും വിജയിച്ചുകയറാമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ജോർജിനുള്ളത്.
പീഡനക്കേസിൽ സഭയെ പിൻതുണയ്ക്കുന്നതു വഴിയുണ്ടായ നഷ്ടം മറികടക്കുന്നതിനു വേണ്ടിയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്റെ നിലപാടുകൾക്കൊപ്പം ഇപ്പോൾ ജോർജ് നില കൊള്ളുന്നത്. ഹിന്ദുവിന്റെ വികാരത്തിനൊപ്പം രംഗത്തിറങ്ങിയ ജോർജ് നിലയ്ക്കലിൽ സമരരംഗത്തേയ്ക്ക് നേരിട്ട് ഇറങ്ങുകയും, സർക്കാരിനെയും പൊലീസ് നടപടിയെയും കണക്കറ്റ് വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം കൃത്യമായി തനിക്ക് അനുകൂലമാക്കിമാറ്റി മറ്റു പല വിഷയങ്ങളിലുമുണ്ടായ പരാജയം മറയ്ക്കുന്നതിനാണ് ഇപ്പോൾ ജോർജിനു സാധിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലോടെ രംഗത്തിറങ്ങിയ രാഷ്ട്രീയ നീക്കങ്ങൾ ജോർജിന് നഷ്ടമുണ്ടാക്കില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.