കൊവിഡ് പ്രതിസന്ധിയ്ക്കിടെ എൽ.എൽ.ബി പരീക്ഷ: ലോ അക്കാഡമി വിദ്യാർത്ഥികൾ ആശങ്കയിൽ; ജില്ലാ തലത്തിൽ സെന്റർ അനുവദിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയ്ക്കിടെ തിരുവനന്തപുരം സെന്ററാക്കി എൽ.എൽ.ബി പരീക്ഷ നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ. കേരള സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ലോ അക്കാഡമിയിൽ ത്രിവത്സര എൽ.എൽ.ബിയ്ക്കു പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ കൊവിഡ് പ്രതിസന്ധിക്കാലത്ത് നടത്തുന്ന പരീക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എൽ.എൽ.ബിയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിദ്യാർത്ഥികൾക്കെല്ലാം സെന്ററായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളാണ് സർവകലാശാല അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നതും. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയും, ടി.പി.ആറും രോഗികളുടെ എണ്ണവും നിയന്ത്രണമില്ലാതെ പടരുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് വന്ന് ഹോസ്റ്റലിലോ, ഹോട്ടലിലോ മുറിയെടുത്ത് താമസിച്ച് പരീക്ഷ എഴുതുക എന്നത് വിദ്യാർത്ഥികൾക്ക് ആശങ്ക ഉയർത്തുന്ന കാര്യമാണ്. ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ തോമസിച്ച് കൊവിഡ് കാലത്ത് പരീക്ഷ എഴുതുന്നതിനെപ്പറ്റി പലർക്കും ആലോചിക്കുക കൂടി സാധ്യമല്ല. ഈ സാഹചര്യത്തിൽ ഓരോ വിദ്യാർത്ഥികൾക്കും അവരവരുടെ ജില്ലകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പരീക്ഷ എഴുതുന്നതിനായി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഗവർണർക്കും, മുഖ്യമന്ത്രിയ്ക്കും, വിദ്യാഭ്യാസ മന്ത്രിയ്ക്കും നിവേദനം നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group