രാഹുൽ ഈശ്വറും സംഘവും റിമാൻഡിൽ: ജയിലിലും നിരാഹാര സമരം തുടർന്ന് രാഹുൽ; പ്രതിഷേധം ശക്തമാക്കാൻ തന്ത്രികുടുംബത്തിന്റെ നീക്കം
സ്വന്തം ലേഖകൻ
പമ്പ: ശബരിമലയിലും പമ്പയിലും നാമജപ യജ്ഞം നടത്തുകയും, സംഘർഷമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ തന്നെ നിരാഹാര സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കും വരെ ആവശ്യമെങ്കിൽ മരണം വരെയും നിരാഹാരം നടത്തുമെന്ന നിലപാടാണ് ഇപ്പോൾ രാഹുൽ ഈശ്വർ സ്വീകരിച്ചിരിക്കുന്നത്.
ബൂധനാഴ്ച പമ്പയിലും നിലയ്ക്കലിലുമുണ്ടായ സമരത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വർ അടക്കം 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി രാഹുൽ ഈശ്വർ അടക്കം അയ്യപ്പധർമ്മ സേന നേതാക്കളെ മുഴുവൻ റിമാൻഡ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച സമരത്തിന്റെ ഭാഗമായി പമ്പയിൽ അവലോകന യോഗത്തിനെത്തിയ യുവതികളെ സമരാനുകൂലികൾ തടഞ്ഞിരുന്നു. ഈ വിഷയത്തിൽ പൊലീസിനു കൃത്യമായ ഇടപെടൽ നടത്താൻ സാധിച്ചിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇപ്പോൾ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമാക്കാൻ തന്നെയാണ് ഇപ്പോഴും രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള അയ്യപ്പധർമ്മ സേനയുടെ നീക്കം.