play-sharp-fill
ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാർത്ഥനയ്ക്ക് കന്യാസ്ത്രീകൾ; ദിവസവും നോമ്പെടുക്കുന്നത് മൂന്നു പേർ വീതം; ഭക്ഷണം ഒരു നേരം മാത്രം

ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാർത്ഥനയ്ക്ക് കന്യാസ്ത്രീകൾ; ദിവസവും നോമ്പെടുക്കുന്നത് മൂന്നു പേർ വീതം; ഭക്ഷണം ഒരു നേരം മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ഉപവാസ പ്രാർത്ഥന നടത്താൻ തയ്യാറായി കന്യാസ്ത്രീകൾ രംഗത്ത്. ദിവസം മുന്നു കന്യാസ്ത്രീകൾ വീതമാണ് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ഉപവാസം ഇരിക്കുന്നത്. ജലന്ധർ രൂപത ആസ്ഥാനത്താണ് ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഈ സംഘം ഉപവാസ പ്രാർത്ഥനയിരിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രണ്ടാഴ്ചയിലേറെ പാലാ സബ് ജയിലിൽ കഴിഞ്ഞിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കഴിഞ്ഞ തിങ്കളാഴ്ചയാണ് ജാമ്യം ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച പുറത്തിറങ്ങിയ ഫ്രാങ്കോ, ബുധനാഴ്ച വൈകുന്നേരത്തോടെ ജലന്ധറിൽ എത്തി. തുടർന്ന് ഫ്രാങ്കോയ്ക്ക് ഉജ്വല സ്വീകരണമാണ് ജലന്ധർ രൂപത അധികൃതരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.
തുടർന്ന് ജലന്ധർ രൂപതയോട് ചേർന്നുള്ള സേക്രട്ട് ഹാർട്ട്‌സ് അരമനയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദിവ്യ ബലി അർപ്പിച്ചു. തനിക്കു വേണ്ടി പ്രാർത്ഥിച്ചവർക്ക് ബിഷപ്പ് ഫ്രാങ്കോ ഇവിടെ വച്ച് നന്ദി പറഞ്ഞു. തുർന്ന് കേസിന്റെ വിജയത്തിനു വേണ്ടി നിരന്തരം ഉപവാസ പ്രാർത്ഥന നടത്താൻ ഇദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബിഷപ്പ് ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ജലന്ധർ രൂപയിലെ വൈദികരും, കന്യാസ്ത്രീകളും തറയിൽ പാ വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഇവർ വെളിപ്പെടുത്തി. ഇതേ തുടർന്ന് ഇവർ തന്നെയാണ് ബിഷപ്പിന്റെ സഹനത്തിൽ നിന്നു മോചനം ലഭിക്കുന്നതിനായി ഉപവാസ പ്രാർത്ഥന നടത്താൻ തീരുമാനിച്ചത്.