
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിൽ മുസ്ലീം സമുദായത്തിൽ തീവ്രവാദികളാണെന്നും, ഹിന്ദു പെൺകുട്ടികളെ കൂട്ടത്തോടെ മതംമാറ്റുകയാണെന്നുമുള്ള സംഘപരിവാർ ആരോപണത്തിന്റെ മുനയൊടിഞ്ഞു. കേരളത്തിൽ നടക്കുന്ന മിശ്രവിവാഹങ്ങളിൽ ലവ് ജിഹാദ് കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കേരളത്തിലെ ഈ ആരോപണങ്ങളുടെ മുനയൊടിഞ്ഞത്. ഹാദിയ കേസ് ഒഴികെയുള്ള 11 കേസുകളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചത് കുറ്റകരമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയത്. ഈ സാഹചര്യത്തിൽ കേരളം തീവ്രവാദ കേന്ദ്രമാണെന്നും, ലവ് ജിഹാദിന്റെ പ്രധാന താവളമാണെന്നുമുള്ള സംഘപരിവാർ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. മിശ്രവിവാഹിതരമായ പുരുഷൻമാരോ സ്ത്രീകളോ ആരും തന്നെ നിർബന്ധിതമായ മതപരിവർത്തനത്തിനു വിധേയരാക്കിയിട്ടില്ലെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
മിശ്രവിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കളാണ് കേസിൽ എൻ.ഐ.എയ്ക്ക് പരാതി നൽകിയിരുന്നത്. ഇതിൽ നിന്നും 11 കേസുകളെടുത്താണ് എൻഐഎ അന്വേഷണം നടത്തിയത്. എന്നാൽ, ഒരു കേസിൽ പോലും ലവി ജിഹാദ് എന്ന് തെളിയിക്കുന്ന തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
പല കേസുകളിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ടെങിലും പ്രണയ ബന്ധങ്ങളിലും, വിവാഹത്തിലും മതംമാറ്റതതിലും ഇവർ ഇടപെട്ടതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. നേരത്തെ അഖില എന്ന ഹാദിയ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനെച്ചൊല്ലിയാണ് കേസ് എൻഐഎ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, ഈ വിവാഹം ആദ്യം ഹൈക്കോടതി റദ്ദ് ചെയ്യുകയും പിന്നീട് സുപ്രീം കോടതി വിവാഹം സാധുവാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.