play-sharp-fill
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട് ; ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട് ; ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി

സ്വന്തം ലേഖകൻ 

കോട്ടയം : കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ.


ഈ മാസം ആറാം തീയതി ഗർഭിണി ആയിരുന്ന മഹിമാ മാത്യു മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരുന്നു. അന്ന് തന്നെ രാവിലെ ഗർഭിണി ആണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടുത്തെ ഗൈനകോളജിസ്റ്റിന്റെ നിർദേശ പ്രകാരമാണ് വാക്സിനെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്‌നം. ഇതേ തുടര്‍ന്ന് വീണ്ടും പാലായിലെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. തലവേദനയെ തുടര്‍ന്ന് പതിമൂന്നാം തീയതി ആണ് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാല്‍ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.

 

എന്നാല്‍ ഗ്യാസിനുള്ള മരുന്ന് നല്‍കി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കള്‍ പറയുന്നു. 14 ന് വീണ്ടും എത്തി പരിശോധനകള്‍ നടത്തി. ന്യൂറോളജി വിഭാഗത്തില്‍ അടക്കം പരിശോധന നടന്നു. എന്നാല്‍ ഡോളോയുടെ ഇഞ്ചക്ഷന്‍ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കള്‍ പറയുന്നു. 15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

മരണകാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ടിലുണ്ട്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ചികിത്സാ പിഴവാണ് മഹിമയുടെ ജീവൻ അപഹരിച്ചതെന്നു ഇവർ പറയുന്നു.