
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തി അകാരണമായി മർദ്ദിച്ചതായി പരാതി.
കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ യു.വി.ഷിബുകുമാറിനെ (40)യാണ് കഴക്കൂട്ടം പൊലീസ് മർദ്ദിച്ചത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം വിവാദമായതോടെ കഴക്കൂട്ടം എസ് .ഐ. വിമലിനെ സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യയ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8 നാണ് സംഭവം. ജോലി കഴിഞ്ഞ് കഴക്കൂട്ടം റെയിൽവേ മേൽപാലത്തിന് കീഴെയുള്ള സർവീസ് റോഡ് വഴി വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്വകാര്യ കാറിൽ അവിടെയെത്തിയ കഴക്കൂട്ടം പൊലീസാണ് മർദ്ദിച്ചത്.
എസ്.ഐ. മാരായ വിമലും, വിഷ്ണുവും അടങ്ങിയ പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്.
കാറിൽ നിന്ന് ചാടിയിറങ്ങിയ എസ് ഐ.വിഷ്ണുവാണ് യാതൊരു പ്രകോപനവുമില്ലാതെ തന്നെ മർദ്ദിച്ചതെന്നാണ് ഷിബുകുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നത്.
ഷിബുകുമാറിന്റെ ശരീരമാസകലം പൊലീസിന്റെ ലാത്തികൊണ്ടുള്ള മർദ്ദനത്തിന്റെ പാടുകളും ക്ഷതവും ഉണ്ട്. എന്നാൽ സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിളിച്ചറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മർദ്ദനമേറ്റ ഷിബുകുമാർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയാണ്. അസോസിയേഷന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പരാതി കൊടുത്തതായി അറിയില്ലെന്നും പരാതിയിൽ പറയുന്നു. ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ മദ്യ- മയക്കുമരുന്ന് സംഘങ്ങൾ മേൽപാലത്തിന് അടിയിൽ സ്ഥിരമായി എത്താറുണ്ടെന്ന റസിഡന്റ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നിരന്തര പരാതി നിലവിലുണ്ടെന്നും അതിന്റെ ഭാഗമായാണ് എസ് .ഐ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയതെന്നും മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുകുമാറിന് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.



