
കരുവന്നൂർ സർവീസ് സഹകരണബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് തുടക്കം മുതൽക്കേ എല്ലാം അറിയാമായിരുന്നു; ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സിപിഎമ്മിന് തുടക്കം മുതൽക്കേ അറിയാമായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.
തട്ടിപ്പിന്റെ കാര്യങ്ങളെക്കറിച്ച് പാർട്ടി യോഗത്തിൽ ചർച്ച നടന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം.
ബിനാമി ലോണുകളെ സംബന്ധിച്ചും വായ്പാ പരിധിയേക്കാളും കൂടുതൽ വായ്പ നൽകിയതിനെയും കുറിച്ചും അന്നത്തെ ബ്രാഞ്ച് യോഗത്തിൽ കടുത്ത വിമർശനമുണ്ടായെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു.
അഞ്ചും ആറും ലോണുകൾ ഒരേ വസ്തുവിന്മേൽ നൽകുന്നുണ്ടെന്നും ഉടമസ്ഥർ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശിക്കുന്നുണ്ട്.
ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ലംഘിച്ചതായി പറയുന്നത് കേൾക്കാം.
ഒരു വായ്പ തിരിച്ചു പിടിക്കാൻ ചെന്ന ഭരണ സമിതി വനിതാ അംഗത്തെ വീട്ടുകാർ പൂട്ടിയിട്ട സാഹചര്യമുണ്ടായപ്പോഴാണ് വിഷയം ബ്രാഞ്ച് യോഗത്തിൽ ചർച്ചയ്ക്കു വന്നത്.
ഡയറക്ടർ ബോർഡംഗത്തെ പൂട്ടിയിട്ട വിഷയം പോലീസിൽ അറിയിക്കാതിരുന്നത് വായ്പാ തട്ടിപ്പു വിഷയം പുറത്തറിയുമെന്ന് ഭയന്നിട്ടാണെന്നും ശബ്ദരേഖയിൽ പറയുന്നു. ഇതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.