അന്തർ സംസ്ഥാന എ.ടി.എം കവർച്ച: പിന്നിൽ ഏഴംഗ സംഘം; ആസൂത്രണം കോട്ടയത്ത്
സ്വന്തം ലേഖകൻ
ചാലക്കുടി: എറണാകുളത്തെയും തൃശൂരിലെയും വൻ എ ടി എം കവർച്ച നടത്തിയത് അന്യസംസ്ഥാന മോഷ്ടാക്കളെന്ന് സ്ഥിരീകരിച്ചു. മോഷണ സംഘത്തിൽ ഏഴുപേരെന്നാണ് സൂചനകൾ. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കൾ വസ്ത്രങ്ങൾ മാറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. ബാഗുമായി എത്തിയ ഏഴുപേർ ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയിരിക്കുന്നത്. കേസിൽ ഇതുവരെ കിട്ടിയവയിൽ ഏറെ നിർണ്ണായക വിവരമാണ് ഇത്. മോഷണത്തിന് ശേഷം ധൻബാസ് എക്സ്പ്രസിൽ മോഷ്ടാക്കൾ കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. റെയിൽവേ സ്റ്റേഷന് ഒന്നര കിലോമീറ്റർ അകലെയാണ് ഇവർ മോഷണത്തിനായി യാത്ര ചെയ്യാൻ ഉപയോഗിച്ച പിക്കപ്പ് വാൻ കണ്ടെത്തിയത്. നേരത്തേ പോലീസ് നായ നൽകിയ സൂചനയും ഇത് തന്നെയായിരുന്നു.
ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് പോയ നായ സ്‌കൂളിൽ കയറിയ ശേഷം മുനിസിപ്പൽ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്റ് വരെ എത്തിയ ശേഷം തിരിച്ചു പോരുകയായിരുന്നു. മുനിസിപ്പിൽ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോപിടിച്ചായിരിക്കാം മോഷ്ടാക്കൾ പോയതെന്ന നിഗമനത്തിലാണ് പോലീസ്. മോഷണ ശേഷം ഹൈസ്‌കൂൾ ഗ്രൗണ്ട് വഴി സ്‌കൂളിൽ പ്രവേശിച്ച മോഷ്ടാക്കൾ അവിടെവെച്ച് വേഷം മാറി പണം ആറ് ബാഗുകളിലേക്ക് മാറ്റിയ ശേഷമായിരിക്കാം പോയതെന്നാണ് കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടാക്കൾ വരുന്ന സിസിടിവി ദൃശ്യങ്ങളിൽ ആറു പേർ ബാഗ് ധരിച്ചിട്ടുള്ളതായി കാണുന്നുണ്ട്. ഒരാളുടെ കൈവശം ബാഗില്ല. നീല ഷർട്ടിട്ട ഇയാളായിരിക്കാം സംഘത്തലവൻ എന്നാണ് കരുതുന്നത്. വാഹനം ഉപേക്ഷിച്ച സ്ഥലത്തു നിന്നും സ്‌കൂൾ ഗ്രൗണ്ടിലേക്ക് ഇവർ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്വേഷണത്തിന് തൃക്കാക്കര, ചാലക്കുടി പോലീസിലെ അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെമ്പള്ളിയിലും മോനിപ്പള്ളിയിലും എ ടി എം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ചതിന് പിന്നിലും ഇതേ ഏഴംഗ സംഘം തന്നെയാണെന്നാണ് കണ്ടെത്തൽ.