തേർഡ് ഐ ബ്യൂറോ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഈരാറ്റുപേട്ട – മുട്ടം റോഡിൽ കളത്തുക്കടവ് ഭാഗത്തെ ഗോഡൗണിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്.
ഈരാറ്റുപേട്ട പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളത്തുക്കടവ് സ്വദേശിയുടെ ഗോഡൗൺ ആറു മാസം മുൻപാണ് നടയ്ക്കൽ സ്വദേശിയായ യുവാവ് വാടകയ്ക്ക് എടുത്തത. റബർ മാറ്റ് സൂക്ഷിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായാണ് ഗോഡൗൺ വാടകയ്ക്കു കൊടുത്തതെന്നു ഉടമ പൊലീസിനോടു പറഞ്ഞു.
വാടക കൃത്യമായി കൊടുക്കുന്നതുകൊണ്ടു മറ്റു സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, രാത്രികാലങ്ങളിൽ മാത്രം ഇവിടെ വാഹനങ്ങൾ വരുന്നതും പോകുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരിൽ ചിലർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു വിവരം കൈമാറിയതിനെ തുടർന്നാണ് ഈ കേന്ദ്രത്തെപ്പറ്റി വിവരം ലഭിച്ചത്.
തുടർന്നു ജില്ലാ നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് ആയ ഡൻസാഫ് അംഗങ്ങൾ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
ിവിടെ നിരീക്ഷണം നടത്തിയ പൊലീസ് സംഘത്തിന് ഇവിടെ നടക്കുന്നത് റബർമാറ്റ് കച്ചവടമല്ലെന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയാണ് എന്നും വിവരം ലഭിച്ചു. ഇതേ തുടർന്നു പൊലീസ് കൂടുതൽ അന്വേഷണം നടത്തിയതിൽ ന്ിന്നാണ് ഈ പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസ്, പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ, എന്നിവരുടെ നിർദേശ പ്രകാരം ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐമാരായ എം.എം അനുരാജ്, ഷാജുദീൻ റാവുത്തർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജിമോൻ, ദിലീപ്, അഭിലാഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, ഷമീർ സമദ്, പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, അനീഷ് വി.കെ, ഷിബു പി.എം അരുൺ എസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
ഗൗഡൗൺ വാടകയ്ക്ക് എടുത്ത നടക്കൽ സ്വദേശി ഒളിവിലാണ്. 28 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾക്ക് ചില്ലറ വിപണിയിൽ 20 ലക്ഷത്തോളം രൂപ വില വരും. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് ഇത്രയധികം സാധനങ്ങൾ സൂക്ഷിച്ചതെന്നു സംശയിക്കുന്നു. ഓണത്തിനോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.