സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ യുവാക്കളുടെ മൃതദേഹവുമായി പ്രതിഷേധം: യു ഡി എഫ് നേതൃത്വത്തിൽ മൃതദേഹവുമായി ബാങ്കിലേയ്ക്ക് നടത്തിയ പ്രകടനം തടഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും യു ഡി എഫും, എസ്ഡിപിഐയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബാങ്ക് ഉപരോധിക്കാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇരുവരുടേയും മൃതദേഹവുമായി ആയി മണിപ്പുഴ ബാങ്കിലേക്ക് എത്തിയ പ്രവർത്തകരെ കോടിമത നാലുവരിപാതയിൽ പൊലീസ് തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( 34 ) , നസീര്‍ ( 34 ) എന്നിവർ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടു കിട്ടിയതിന് പിന്നാലെ, കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നേതൃത്വത്തിൽ മൃതദേഹവുമായി മണിപ്പുഴ ഭാഗത്തേക്ക് പോരുകയായിരുന്നു.

രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നിരുന്നത്. കടുവാക്കുളത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയാണെന്ന പൊലീസിനോട് പറഞ്ഞ ശേഷമാണ് യുഡിഎഫ് കോൺഗ്രസ് പ്രവർത്തകർ മൃതദേഹവുമായി എത്തിയത്.

തുടർന്ന്, എം സി റോഡിലൂടെ മൃതദേഹം കൊണ്ടുവരുന്നതിനിടെ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ എം സി റോഡ് ഉപരോധിച്ചു.

കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാർ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ ശ്രീകുമാർ, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജു, കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസ് , തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അജീബ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെ തടഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് എന്നിവരുടെയും, എസ്ഡിപിഐ പ്രവർത്തകരുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോട്ടയം തഹസീൽദാർ ലിറ്റി മോൾ തോമസിൻ്റ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ മൃതദേഹം സംസ്കരിക്കുന്നതിനായി താഴത്തങ്ങാടിയിൽ കൊണ്ടുപോകാമെന്ന്  ഉറപ്പുനൽകി.

വിഷയം സംബന്ധിച്ച് വൈകിട്ട് 5 മണിക്ക് ചർച്ച നടത്താമെന്ന് തഹസിൽദാർ പ്രവർത്തകരെ അറിയിച്ചു. ഇതേതുടർന്നാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എസ്.ഡി.പി.ഐ പ്രവർത്തകരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്നു മൃതദേഹവുമായി പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സമരത്തിൽ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരാണ് മൃതദേഹവുമായി താഴത്തങ്ങാടി ജുംആ മസ്ജിദിലേയ്ക്കു പോയത്.