
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് ശക്തമാക്കി. ഇവര്‍ മുടിമുറിച്ചാണ് പ്രതിഷേധം അറിയിച്ചത്. രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്ന ലിസ്റ്റാണ് തങ്ങളുടേതെന്നും ഇവര്‍ ആരോപിച്ചു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. അതിനാല്‍ റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിക്രൂട്ട്‌മെന്റ്, പിഎസ്സി പരീക്ഷ നടത്തിപ്പ്, റാങ്ക്‌ലിസ്റ്റ് തയ്യാറാക്കല്‍, റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യല്‍ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല.
സാധാരണ ഗതിയില്‍ ഒരു പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തിനിടയില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വര്‍ഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്‌ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോര്‍സിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞവയാണ്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.