ഇതുവരെ രണ്ടു കോടി പേർക്ക് വാക്‌സിൻ നൽകി  കേരളം: ഇന്നലെ മാത്രം മൂന്നു ലക്ഷം പേർക്കു വാക്‌സിൻ നൽകി

ഇതുവരെ രണ്ടു കോടി പേർക്ക് വാക്‌സിൻ നൽകി കേരളം: ഇന്നലെ മാത്രം മൂന്നു ലക്ഷം പേർക്കു വാക്‌സിൻ നൽകി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിൽ വീണ്ടും റെക്കോർഡ് നേട്ടം. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ സംസ്ഥാനത്ത് 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45 വയസിന് മുകളിലുള്ള 79 ശതമാനം പേർക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേർക്ക് (47,44,870) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്സിൻ നൽകിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയിലുള്ള വിഭാഗത്തിൽ 25 ശതമാനം പേർക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്.

ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 3,05,308 പേർക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. സർക്കാർ-സ്വകാര്യ ആശുപത്രി ജീവനക്കാർ, ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിലും കോവിഡ് മുന്നണി പോരാളികൾക്കും ഏകദേശം 100 ശതമാനം പേർക്ക് ഒന്നാം ഡോസും 82 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേർക്ക് (5,15,241) വാക്സിൻ നൽകിയത്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇനിയും കൂടുതൽ വാക്സിനെത്തിയാൽ ഇതുപോലെ വാക്സിൻ നൽകാൻ സാധിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 3,59,517 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്ന് 1,546 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീൽഡ് വാക്സിനാണ് ലഭ്യമായത്.