
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പോക്സോ കേസില്‍ ശിക്ഷിക്കെപ്പട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
തനിക്ക് 24 ഉം കുഞ്ഞിന് നാലും വയസ്സായി. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുന്ന സാഹചര്യത്തില്‍ പിതാവിന്റെ പേര് കൂടി ബന്ധപ്പെട്ട കോളത്തില്‍ ചേര്‍ക്കണമെന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് തന്റെ ആവശ്യമെന്നും വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റോബിന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ലൈംഗികാതിക്രമക്കേസുകളില്‍ ഒത്തുതീര്‍പ്പുകളുണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റോബിന്റെ ആവശ്യം തള്ളിയത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കൊട്ടിയൂര്‍ കേസില്‍ റോബിന്‍ വടക്കുംചേരിക്കു 60 വര്‍ഷത്തെ കഠിനതടവും മൂന്നു ലക്ഷം രൂപയുമാണ് തലശേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായാണു ശിക്ഷ വിധിച്ചത്. എന്നാല്‍ മൂന്നുംകൂടി ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.