
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് ആയിരം കോടിയുടെ തട്ടിപ്പ്: ബാങ്കിന്റെ പേരിൽ റിസോർട്ട് വരെ വാങ്ങി; വായ്പാ തിരിച്ചടവിലും വീഴ്ച വന്നതായി കണ്ടെത്തൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പേരിൽ നടത്തിയത് ആയിരം കോടിയുടെ തിരിമറിയെന്ന് റിപ്പോർട്ട്. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോർട്ട് നിർമാണം ഉൾപ്പടെ ഭീമമായ നിക്ഷേപങ്ങളാണ് ഇത്തരത്തിൽ നടത്തിയിട്ടുള്ളതെന്നും പോലീസിന്റെ നിഗമനം.
വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദ്ദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്ത് തട്ടിപ്പ് ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ്പയും. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടം ബാങ്കിനുണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും അഞ്ചുവർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നുണ്ട്.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മീഷൻ വ്യവസ്ഥയിലാണെന്ന് ബിജെപി ആരോപിച്ചു. ഓരോ ലോണിനും പത്ത് ശതമാനം വീതം കമ്മിഷൻ വാങ്ങി മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നത്. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും ബിജെപി പുറത്തുവിട്ടു.
എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്. വൻകിട ലോണുകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. ഈട് നൽകാൻ ഇല്ലാത്തവർക്ക് പോലും വ്യാജ രേഖ ചമച്ച് മുൻ മാനേജരും സംഘവും കോടികൾ വായ്പയായി നൽകിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.