തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി.
സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻതന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമ പ്രവർത്തകനെ തല്ലിച്ചതച്ച സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കേരള പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇപ്പോൾ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം മലപ്പുറം ലേഖകനുമായ കെ.പി.എം റിയാസിനെ മർദിച്ച തിരൂർ സി.െഎ ടി.പി ഫർഷാദിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണു സമരം.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും മറ്റിടങ്ങളിൽ ജില്ലാ പൊലീസ് മേധാവികളുടെ ആസ്ഥാനത്തേക്കും മാധ്യമപ്രവർത്തകർ വ്യാഴാഴ്ച മാർച്ച് നടത്തും.
സി.എക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂണിയൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഉറപ്പ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്നതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.