എരുമേലി വഴി ഒരു പെണ്ണും ശബരിമല കടക്കില്ല: ശബരിമലയിലും ഫ്രാങ്കോയിലും വോട്ടുറപ്പിക്കാൻ വ്യത്യസ്ത നിലപാടുകളുമായി പി.സി ജോർജ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഓരോ വിഷയങ്ങളിലും വേറിട്ടതും വ്യത്യസ്തവുമായ നിലപാടുകളിലൂടെയാണ് പി.സി ജോർജ് എം.എൽ.എ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിൻതുണച്ച് കന്യാസ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞ് കേസിൽ കുടുങ്ങിയെങ്കിലും, ശബരിമല വിഷയത്തിൽ തന്റെ പ്രഖ്യാപിത സ്ത്രീ വിരുദ്ധ നിലപാട് ഉറപ്പിച്ചിരിക്കുകയാണ് പി.സി ജോർജ് എംഎൽഎ. ഫ്രാങ്കോ വിഷയത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ ക്രൈസ്തവ വോട്ട് ഉറപ്പിക്കാൻ ഇടപെട്ട ജോർജ്, ശബരിമല വിഷയത്തിൽ സ്ത്രീ വിരുദ്ധമായ നിലപാടെടുത്ത് ഹൈന്ദവ വോട്ട് ബാങ്കാണ് ലക്ഷ്യം വയ്ക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ പിൻതുണച്ച് നടത്തിയ പത്രസമ്മേളത്തിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ അടക്കമുള്ളവരെ വേശ്യയെന്നാണ് ജോർജ് വിളിച്ചത്. സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്നാവശ്യപ്പെട്ട ജോർജിനെതിരെ വനിതാ സംഘടകളും ഫെമിനിസ്റ്റുകളും പരസ്യമായി പല തവണ രംഗത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. തന്റെ സ്ത്രീ വിരുദ്ധമായ നിലപാടുകൾ ദിലീപ് വിഷയത്തിൽ ആക്രമണത്തിനിരയായ നടിക്കെതിരെയും നേരത്തെ ജോർജ് പുറത്തെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ശക്തമായ നിലപാടുകള് ഏറ്റവും മോശം ഭാഷയിൽ തന്നെ ജോർജ് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിലെ ജോർജിന്റെ നിലപാട് വിവാദമായി മാറിയതും, ചർച്ച ചെയ്യപ്പെടുന്നതും.
പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലാണ് ശബരിമലയിലേയ്ക്കുള്ള യാത്രയിൽ ഏറെ പ്രാധാന്യമുള്ള എരുമേലി അയ്യപ്പസ്വാമി ക്ഷേത്രവും, വാവർ പള്ളിയും. ഇന്നലെ പന്തളം രാജകുടുംബം പന്തളത്ത് നടത്തിയ നാമജപ ഘോഷയാത്രയിലാണ് പ്രതിഷേധവുമായി പി.സി ജോർജും എത്തിയത്. പ്രതിഷേധ ധർണയിൽ പങ്കെടുത്ത ജോർജ് എരുമേലി വഴി ശബരിമലയിലേയ്ക്ക് ഒരു സ്ത്രീയെ പോലും കടത്തിവിടില്ലെന്ന ഉറച്ച നിലപാടെടുത്തു. ഇത്തവണ വാക്കു കൊണ്ടു മാത്രമല്ല, ഒരു പടി കൂടി കടന്ന് വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്നും ജോർജ് പ്രഖ്യാപിച്ചു. സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി ചൊവ്വാഴ്ച എരുമേലിയിൽ ഉപവസിക്കുമെന്നും ജോർജ് പ്രഖ്യാപിച്ചു.
ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ സഭയും വൈദികരും പ്രതിക്കൂട്ടിൽ നിന്നിരുന്നപ്പോഴായിരുന്നു പി.സി ജോർജിന്റെ അപ്രതീക്ഷിത രംഗ പ്രവേശം. സഭയെയും സഭയെ വിശ്വസിക്കുന്നവരുടെയും വോട്ടായിരുന്നു പി.സി ജോർജിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ നടത്തിയ നീക്കങ്ങളോടെ ബിഷപ്പുമാരുടെയും സഭയുടെയും ഗുഡ് ബുക്കിൽ ജോർജ് കയറിപ്പറ്റുകയും ചെയ്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും സഭയുടെ പിൻതുണ ഉറപ്പാക്കുകയാണ് ജോർജ് ഇതുവഴി ചെയ്തിരിക്കുന്നത്. കന്യാസ്ത്രീ വിഷയത്തിൽ ഭൂരിപക്ഷത്തിന്റെ നിലപാടിനെതിരെ നിന്ന ജോർജ്, ശബരിമല വിഷയത്തിൽ ഭൂരിപക്ഷത്തിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. ഇതോടെ ഹൈന്ദവ വോട്ട് ബാങ്കായിരുന്നു ജോർജിന്റെ നീക്കം. സമരത്തിനിറങ്ങുകകൂടി ചെയ്തതോടെ ജോർജ് അടുത്ത തവണയും പൂഞ്ഞാർ മണ്ഡലം സേഫ് ആക്കുകയാണ് ചെയ്തത്.