play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് പ്രതിഷേധം അണപൊട്ടി: പങ്കെടുത്തത് ലക്ഷം പേർ; ഡൽഹി കേരളാഹൗസിലേക്കും പ്രതിഷേധ മാർച്ച്

ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് പ്രതിഷേധം അണപൊട്ടി: പങ്കെടുത്തത് ലക്ഷം പേർ; ഡൽഹി കേരളാഹൗസിലേക്കും പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ

പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ലക്ഷങ്ങൾ പങ്കെടുത്ത ഘോഷയാത്രയിൽ അണിനിരന്നതിലേറെയും സ്ത്രീകളായിരുന്നു. കാഴ്ചക്കാരായും, പ്രകടനത്തിന്റെ മുന്നണിയിലും സ്ത്രീകൾ നിരന്നതോടെ പന്തളത്ത് വനിതകളുടെ പ്രതിഷേധപ്പേമാരിയായി. സാധാരണ തിരുവാഭരണ ഘോഷയാത്രയ്ക്ക് എത്തുന്നതിന്റെ നാലിരട്ടിയായി, നിരവധി തിരുവാഭരണ ഘോഷയാത്ര ഒന്നിച്ചെത്തിയതിനു സമാനമായിരുന്നു പ്രതിഷേധ പ്രകടനത്തിലെ പങ്കാളിത്തം. മെഡിക്കൽ മിഷൻ ജംക്ഷനിൽ 4 മണിക്കാണ് ഘോഷയാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ച മുതൽ തന്നെ വിവിധ ജില്ലകളിൽ നിന്ന് ഭക്തർ ശരണംവിളികളുമായി എത്തിയിരുന്നു.

4.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു. ശരണമന്ത്രമല്ലാതെ മറ്റൊന്നും ഉയർന്നുകേട്ടില്ല. ഇടയ്ക്കു പെയ്ത മഴയും ഘോഷയാത്രയെ തടസ്സപ്പെടുത്തിയില്ല. ഘോഷയാത്ര കാണാൻ മെഡിക്കൽ മിഷൻ ജംക്ഷൻ മുതൽ മണികണ്ഠനാൽത്തറ വരെ കാത്തുനിന്ന സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് വിശ്വാസികളും യാത്ര കടന്നു പോയതിനൊപ്പം കൂടിയതോടെ മണികണ്ഠനാൽത്തറ ജംക്ഷനും വലിയകോയിക്കൽ ക്ഷേത്ര റോഡും ഇടവഴികളുമെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴും മെഡിക്കൽ മിഷൻ ജംക്ഷനിൽ നിന്നു ഭക്തർ മുഴുവൻ ചലിച്ചു തുടങ്ങിയിരുന്നില്ല.എൻഎസ്എസിന്റെ പിന്തുണയും പ്രാതിനിധ്യവും ഘോഷയാത്രയിൽ പ്രകടമായിരുന്നു. ഘോഷയാത്ര പന്തളം ജംക്ഷൻ കഴിഞ്ഞതോതോടെ ജനപ്രളയമായി. യാത്ര മണികണ്ഠനാൽത്തറ താണ്ടി മേടക്കല്ലും കടന്നു പുത്തൻ പൂമുഖം കൊട്ടാരാങ്കണത്തിൽ എത്തിയപ്പോൾ നിൽക്കുന്നിടത്തു നിന്ന് അനങ്ങാൻ പോലും കഴിയാത്തവിധം ജനംതിങ്ങിനിറഞ്ഞു. അപ്പോഴും ശരണം വിളികൾ ഉയർന്നുകൊണ്ടേയിരുന്നു.

ഘോഷയാത്രയിൽ എഴുന്നള്ളിച്ച അയ്യപ്പ വിഗ്രഹം വേദിയിൽ സ്ഥാപിച്ചശേഷം സമ്മേളനം ശാന്താനന്ദമഠം സ്വാമിനി ജ്ഞാനാഭിനിഷ്ഠ ഉദ്ഘാടനം ചെയ്തു.തന്ത്രി കണ്ഠര് മോഹനര്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, രാഹുൽ ഈശ്വർ, പി.സി. ജോർജ് എംഎൽഎ, നടൻ ദേവൻ, പീപ്പിൾസ് ഫോർ ധർമ അധ്യക്ഷ ശിൽപ നായർ, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, വാർഡ് അംഗം കെ.ആർ. രവി, നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണവർമ,എന്നിവരും സംസാരിച്ചു.

എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, എസ്.കെ. കുമാർ, അമ്‌ബോറ്റി കോഴഞ്ചേരി, പന്തളം മഹാദേവ ഹിന്ദുസേവാ സമിതി പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ശങ്കു ടി. ദാസ്, ഹരിദാസ്, പ്രസാദ് കുഴിക്കാല എന്നിവർ പ്രസംഗിച്ചു. പന്തളം കൊട്ടാരത്തിന്റെ ആഹ്വാനപ്രകാരം തെലങ്കാനയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും നാമ ജപയാത്ര നടന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ഡൽഹിയിലും, പ്രതിഷേധ പ്രകടനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും നടന്നിരുന്നു. പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ നിന്നും കേരള ഹൗസിലേക്ക് നാമജപയാത്ര നടത്തി.