കൊവിഡ് ലോക്ക് ഡൗണിലെ വിൽപ്പന ലക്ഷ്യമിട്ട് ചാരായം വാറ്റ്; കടുത്തുരുത്തി കാട്ടാമ്പാക്കിൽ വാറ്റും വാറ്റുപകരണങ്ങളും പിടികൂടി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് ലോക്ക് ഡൗണിലെ മദ്യ നിരോധനം കണക്കിലെടുത്ത് വിൽപ്പനയ്ക്കായി എത്തിച്ച വാറ്റുമായി രണ്ടു പേർ പിടിയിൽ. കാട്ടാമ്പാക്ക് മലയിൽ വീട്ടിൽ എബ്രാഹം , ആവിയിൽ വീട്ടിൽ ജിജോ മോൻ എന്നിവർക്കെതിരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ കേസെടുത്തത്.
കാട്ടാമ്പാക്ക് ഇല്ലിച്ചുവട് ഭാഗത്ത് നടത്തിയ രണ്ട് റെയ്ഡുകളിലായി രണ്ട് ലിറ്റർ ചാരായവും, 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നിൽ ഇരുവരുമാണെന്നു കണ്ടെത്തിയാണ് കേസെടുത്തത്. ലോക്ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ആണ് ഇവർ വാറ്റ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവരിൽ നിന്നും പ്രഷർകുക്കറുകൾ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കുറ്റി, കന്നാസുകൾ എന്നിവ പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് ചന്ദ്രൻ, സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത്, അഖിൽ, അശോക് ബി നായർ, ധന്യാമോൾ എന്നിവർ പങ്കെടുത്തു.