
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്ഡൗണിൽ മദ്യം കിട്ടാതായതോടെ ട്യൂബിലൂടെ വാറ്റുചാരായമുണ്ടാക്കാൻ പഠിച്ചത് നിരവധി പേർ.
സംസ്ഥാനത്ത് വീടുകളില്‍ ചാരായം വാറ്റ് വ്യാപകമായതോടെ എക്സൈസിനും പൊലീസിനും കിടക്കപ്പൊറുതിയില്ലാതായി.
ദിവസവും നിരവധി കോളുകളാണ് വ്യാജവാറ്റും വില്‍പ്പനയും സംബന്ധിച്ച് പൊലീസിനെയും എക്സൈസിനേയും തേടിയെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

വാറ്റ് കൂടിയതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലുള്‍പ്പെടെ ശര്‍ക്കരയുടെയും പഞ്ചസാരയുടെയും വില്‍പ്പന വര്‍ദ്ധിച്ചു. ആയുര്‍വേദ മരുന്നുകള്‍, ഈത്തപ്പഴം , പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങള്‍, യീസ്റ്റ് എന്നിവയ്ക്കും വാറ്റ് വര്‍ദ്ധിച്ചതോടെ ഡിമാന്റ് കൂടി.
കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായവരില്‍ ഏറിയപങ്കും ഇത്തരത്തില്‍ വീടുകളില്‍ തന്നെ ചാരായം വാറ്റുന്നതിനിടെയാണ് കുടുങ്ങിയത്.
ആദ്യഘട്ടത്തില്‍ തുരുത്തുകളും ഒറ്റപ്പെട്ട ഇടങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതോടെ പൊലീസും എക്സൈസും കര്‍ശന പരിശോധനയുമായി രംഗത്തിറങ്ങിയിരുന്നു.
ഇക്കാലയളവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. ഇതോടെയാണ് പലരും വീട്ടില്‍ തന്നെ പ്രഷര്‍ കുക്കറും മറ്റും ഉപയോഗിച്ച് ചാരായം വാറ്റാന്‍ ആരംഭിച്ചത്. ആവശ്യക്കാരേറെയുള്ളതിനാല്‍ ലിറ്ററിന് 2,000 മുതല്‍ 3,000 രൂപവരെയാണ് യൂട്യൂബ് വാറ്റുകാര്‍ ഈടാക്കുന്നത്.
വീടുകളില്‍ സ്വന്തം ആവശ്യത്തിന് വാറ്റി ഉപയോഗിക്കുന്നവരേക്കാള്‍ അപകടകാരികളാണ് വില്പന ലക്ഷ്യം വച്ച് രാസവസ്തുക്കള്‍ ചേർത്ത് വാറ്റുന്നവർ . അതിനാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വാറ്റുന്നവരെ കണ്ടെത്താന്‍ നാടൊട്ടുക്ക് നിരീക്ഷണം ശക്തമാക്കിയതായി എക്സൈസും പൊലീസും പറഞ്ഞു. ചിലയിടങ്ങളില്‍ പലചരക്ക് കടകളിലും മറ്റും ചാരായം വാറ്റുന്നതിനുള്ള സാമഗ്രികള്‍ ഉള്‍പ്പെടുത്തി ‘വാറ്റ് കിറ്റു’കള്‍ വില്‍ക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് സാമൂഹികമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റും നോക്കി വാറ്റുന്ന യുവാക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തേ, വാറ്റിന്റെ പിടിയിലമര്‍ന്നപ്പോള്‍ എക്സൈസ് ‘നിര്‍വീര്യ’ മാക്കിയ ഇടങ്ങളിലാണ് പൂര്‍വാധികം ശക്തിയോടെ ചാരായം ഒഴുക്കുന്നത്.
നിര്‍മ്മിക്കുന്നത് ഒരു സ്ഥലത്താണെങ്കില്‍ വില്പന പല സ്ഥലത്താണ്. ഇതുമൂലം വാറ്റു കേന്ദ്രങ്ങളില്‍ നിന്ന് കലക്കിവച്ച വാഷ് മാത്രമാണ് മിക്കപ്പോഴും എക്സൈസിനും പൊലീസിനും കണ്ടെത്താനാകുന്നത്. വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷം കൂടി കനക്കുന്നതോടെ പല സ്ഥലങ്ങളിലും വാറ്റ് കൂടാനാണ് സാദ്ധ്യതയെന്ന് എക്സൈസ് സമ്മതിക്കുന്നു. വനമേഖലകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വാറ്റുകേന്ദ്രങ്ങള്‍ സജീവമാകാനിടയുള്ളതായി ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്



